12 May, 2022 07:29:01 AM


സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഇന്നലെ കോട്ടയം പൂഞ്ഞാറില്‍ അതിശക്തമായ മഴയാണു പെയ്തത്. 15 സെന്റീമീറ്റര്‍ മഴയാണു പൂഞ്ഞാറില്‍ പെയ്തിറങ്ങിയത്. ഈ മാസം 15 വരെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം ഇടുക്കി ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.



Share this News Now:
  • Google+
Like(s): 5.4K