04 May, 2022 03:08:00 PM


'പേരറിവാളനോട് വിവേചനം'; കോടതി നേരിട്ട് മോചന ഉത്തരവിടാമെന്ന് സുപ്രിംകോടതി



ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രിംകോടതി. പേരറിവാളന്‍റെ മോചനം സംബന്ധിച്ച് കൃത്യമായി വാദം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അതിനാല്‍ കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജയില്‍ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഗവര്‍ണറെ പ്രതിരോധിക്കുന്നതെന്നും രാഷ്ട്രപതിയുടെ തീരുമാനം എന്തായാലും കോടതിയെ ബാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്‍റെ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണര്‍ തടസം നിന്നുവെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 

പേരറിവാളന്‍റെ ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്നതില്‍ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തമിഴ്നാട് ഗവര്‍ണര്‍ മൂന്നര വര്‍ഷത്തിലധികം തീരുമാനമെടുക്കാതെ വച്ചതില്‍ കോടതി രോഷം പ്രകടിപ്പിച്ചു. മോചനക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്നും, രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K