23 April, 2022 01:50:12 PM
തിരക്കഥാകൃത്തും മാക്ടയുടേ സ്ഥാപക സെക്രട്ടറിയുമായ ജോൺ പോൾ അന്തരിച്ചു

കൊച്ചി: തിരക്കഥാകൃത്ത് ജോൺപോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.
ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ "ഒരു ചെറുപുഞ്ചിരി' എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
                                
                                        



