02 April, 2022 05:15:20 PM


ജോസ്കോയുടെ പാടം നികത്തല്‍; ബോസ്കോ കളമശ്ശേരി ഹൈക്കോടതിയിലേക്ക്



കൊച്ചി: കാക്കനാട് വില്ലേജിന്‍റെ പരിധിയില്‍ ഇടച്ചിറ ഭാഗത്ത് ജോസ്കോ ജ്വല്ലറി ഉടമകള്‍ അനധികൃതമായി പാടം നികത്തുന്നതിനെതിരെ സ്റ്റോപ്പ് മെമ്മോ മാത്രം നല്‍കി അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് പൊതു പ്രവർത്തകൻ ബോസ്കോ കളമശ്ശേരി. ജ്വല്ലറി ഉടമയുടെയും അധികൃതരുടെയും ഒത്തുകളികള്‍ ചോദ്യം ചെയ്ത് താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബോസ്കോ. ജോസ്കോ ജ്വല്ലറിയുടെ ഉടമകള്‍ രാത്രിയില്‍ ഒട്ടനവധി ലോറികളുപയോഗിച്ച് പാടം നികത്തുന്നത് ബോസ്കോയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറംലോകത്തെ അറിയിച്ചത്.

"ജമ്മുകാശ്മീരിൽ പട്ടാളം യുദ്ധത്തിന് പോയതല്ല  ജോസ്കോ ജ്യൂവലറി ഉടമകൾ കഴിഞ്ഞ ദിവസം രാത്രി  പാടം നികത്തിയ രംഗങ്ങൾ ആണ്.." എന്ന അടിക്കുറിപ്പോടെയാണ് രാത്രിയില്‍ ലോറികള്‍ പാടം നികത്തുന്നതിനുള്ള മണ്ണുമായി  വരിവരിയായി നീങ്ങുന്ന വീഡിയോ മാര്‍ച്ച് 27ന് ബോസ്കോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുഖ്യധാര മാധ്യമങ്ങള്‍ കണ്ണടച്ചുവെങ്കിലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ റവന്യു അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ബോസ്കോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനധികൃതമായി നിലം നികത്തുന്നത് തടഞ്ഞ് റവന്യൂ വിഭാഗം ജോസ്കോ ജ്വല്ലറി ഉടമകള്‍ക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകുകയും ചെയ്തു.

സര്‍ക്കാരിന്‍റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി നിലംനികത്തിയ കക്ഷികള്‍ക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകുക എന്നതൊഴികെ യാതൊരു നിയമനടപടിയും കൈകൊള്ളാതെയുള്ള അധികൃതരുടെ ഒത്തുകളി ചോദ്യം ചെയ്താണ് താന്‍ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് ബോസ്കോ കൈരളി വാര്‍ത്തയോട് പറഞ്ഞു.  പകല്‍ സമയം മാത്രമാണ് മണ്ണടിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ രാത്രിയില്‍ അനധികൃതമായി മണ്ണടിച്ച ലോറികള്‍ കസ്റ്റഡിയില്‍ എടുക്കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ അദികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

പാവപ്പെട്ടവന് ഒരു കൂര പണിയുവാന്‍ മൂന്ന് സെന്‍റും പത്ത് സെന്‍റും ഭൂമി നികത്തുന്നതിന് ഒട്ടേറെ നൂലാമാലകളുമാമായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുന്ന അവസരത്തിലാണ് ഒരു അനുമതിയുമില്ലാതെ ഏക്കറുകണക്കിന് വരുന്ന കൃഷിഭൂമി മണ്ണടിച്ച് നികത്തുന്നത്. മരടിലും മറ്റും ഭൂമി നികത്തി അനധികൃതകെട്ടിടങ്ങള്‍ പണിതതിനെതിരെയുണ്ടായ കോടതി ഉത്തരവുകള്‍ സഹിതമാണ് താന്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നതെന്നും ബോസ്കോ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K