13 March, 2022 04:35:45 PM


കെ സി വേണുഗോപാലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി



ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെയുണ്ടായ വിമര്‍ശനത്തെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി. വ്യക്തിപരമായ ആക്രമണങ്ങള്‍ കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും ഇത്തരം ആക്രമണങ്ങള്‍ തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നേതൃമാറ്റം വേണമെന്ന പാര്‍ട്ടിയിലെ തിരുത്തല്‍വാദി ഗ്രൂപ്പ് ജി 23 നേതാക്കളുടെ നിര്‍ദേശത്തെ കോണ്‍ഗ്രസിന്‍റെ സംഘടനാ വിഭാഗം തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് കെ സി വേണുഗോപാലിനെ പ്രതിരോധിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തുന്നത്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് സംഘടനാ വിഭാഗത്തിന്‍റെ നിലപാട്. പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കല്ല. സംഘടനാ വിഭാഗത്തില്‍ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിന്‍റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് സംഘടനാ വിഭാഗം പറയുന്നത്.

താന്‍ രാജിവെക്കണമെന്ന ആവശ്യം പോലും കെ സി വേണുഗോപാല്‍ നിരസിച്ചു. ഇക്കാര്യത്തില്‍ തന്‍റെ രാജി ആവശ്യമില്ലാത്തതാണെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചു. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ഗൂഢാലോചനയാണ്. ആരോപണങ്ങള്‍ വസ്തുതാപരമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അതത് സംസ്ഥാനങ്ങളില്‍ സമിതികള്‍ രൂപീകരിച്ചിരുന്നു. ഇവര്‍ക്കുള്ള സഹായം നല്‍കുക മാത്രമാണ് സംഘടനാ വിഭാഗം ചെയ്തിട്ടുള്ളത് എന്നും സംഘടനാ വിഭാഗം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K