20 February, 2022 02:39:37 PM


കാർഡ് ബിപിഎൽ ആക്കാന്‍ സർക്കാർ ഓഫീസുകളുടെ പടി കയറാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷം



മലപ്പുറം: റേഷൻ കാര്‍ഡ് ബിപിഎൽ ആക്കാൻ ഒമ്പത് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് മലപ്പുറം വഴിക്കടവിലെ അബ്ദുള്‍ ജബ്ബാറെന്ന വൃദ്ധൻ. ഇദ്ദേഹത്തിന്‍റെ തുച്ഛമായ വരുമാനം മാത്രമാണ് രോഗിയായ ഭാര്യയും വിദ്യാര്‍ത്ഥിയായ മകനും അടക്കമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയം. കാസർക്കോട് നിന്നും വഴിക്കടവിലേക്ക് അബ്ദുള്‍ ജബ്ബാര്‍ കുടുംബസമ്മേതം താമസം മാറിയിട്ട് ഒമ്പതു വര്‍ഷമായി. അന്നു മുതല്‍ തുടങ്ങിയതാണ് റേഷൻകാര്‍ഡ് ബിപിഎല്ലായിക്കിട്ടാനുള്ള നെട്ടോട്ടം. 

കാസര്‍കോഡ് ബിപിഎല്ലായിരുന്ന റേഷൻകാര്‍ഡ് വരുമാനത്തില്‍ ഒരു വര്‍ദ്ധനവുമില്ലെന്നിരിക്കെ എങ്ങനെ എപിഎല്ലായെന്നാണ് ഈ വൃദ്ധന്‍റെ ചോദ്യം. ഇദ്ദേഹം കയറിയിറങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കൊന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. വീടിന്‍റെ അറ്റകുറ്റപണിക്ക്, ഭാര്യയുടെ ചികിത്സക്ക്, മകന്‍റെ പഠനത്തിന് അങ്ങനെ ഒരാവശ്യത്തിനും എവിടെ നിന്നും ഒരു സഹായവും കിട്ടുന്നില്ല. എല്ലായിടത്തും തടസം ദാരിദ്രരേഖക്ക് മുകളിലുള്ള ഈ റേഷൻകാര്‍ഡാണ്. ഇദ്ദേഹത്തിന്‍റെ പരാതിയും അപേക്ഷയും പരിഗണനയിലാണെന്ന മറുപടിയാണ് ഇപ്പോഴും നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് നല്‍കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K