19 February, 2022 05:43:37 AM


ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർഥ്യമാകുന്നു; ഇന്ന് മുതൽ നിലവിൽ

 

കോട്ടയം: ത്രിതല പഞ്ചായത്തുകളുടെ യോജിച്ച പ്രവർത്തനത്തിന് സഹായകമാകുന്ന നിലയിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെല്ലാം ഇന്നു മുതൽ ഒരു കുടക്കീഴിൽ. കോട്ടയത്ത് ജില്ലാ പഞ്ചായത്ത്, 71 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, ആറു നഗരസഭകൾ എന്നിവയുടെ പ്രവർത്തനം ഇനി മുതൽ തദ്ദേശസ്വയംഭരണ വകുപ്പ് എന്ന ഒറ്റ വകുപ്പിനു കീഴിലാകും.
പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എൻജിനീയറിംഗ് വിഭാഗം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവിൽ വരുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.

ഡി.ഡി.പി. താത്കാലിക ജില്ലാ മേധാവി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ ഏകീകൃത വകുപ്പിന്റെ താത്കാലിക ജില്ലാ മേധാവിയാകും. എൽ.എസ്.ജി.ഡി. കോട്ടയം ജില്ലാ കാര്യാലയമായി താൽക്കാലികമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പ്രവർത്തിക്കും. മറ്റ് തസ്തികകളും നിയമനങ്ങളും സംബന്ധിച്ച സ്ഥിരം സംവിധാനം ഉടൻ നിലവിൽ വരും. നിലവിൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന അഞ്ചുവകുപ്പുകളുടെ ജില്ലാ ഓഫീസുകൾ കളക്‌ട്രേറ്റിൽ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.

ജില്ലയിൽ 2327 ജീവനക്കാർ ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പിനു കീഴിൽ വരും. ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ 1209 ജീവനക്കാരും ഗ്രാമവികസന വകുപ്പിൽ 362 പേരും നഗര-ഗ്രാമാസൂത്രണവകുപ്പിൽ 35 പേരും തദ്ദേശസ്വയംഭരണ എൻജിനീയറിംഗ് വിഭാഗത്തിൽ 315 പേരും ആറു നഗരസഭകളിലായി 406 ജീവനക്കാരുമാണുള്ളത്. ഇവരെല്ലാം ഒറ്റ വകുപ്പിനു കീഴിലാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും സാധ്യമാകുന്ന വിധത്തിലാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ രൂപീകരണം.  അധികാര വികേന്ദ്രീകരണ പ്രക്രിയയേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്താനുതകുന്ന വിധത്തിലാണ് വകുപ്പ് പ്രവർത്തിക്കുക. കഴിഞ്ഞ നാലുവർഷത്തിലേറെക്കാലം നടന്നുവരുന്ന കഠിന ശ്രമങ്ങളുടെയും ത്വരിത നടപടികളുടെയും ഫലമായാണ് ഏകീകൃത വകുപ്പ് ഒടുവിൽ യാഥാർത്ഥ്യമാകുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പു സംസ്ഥാന തലവന്റെ പേര് പ്രിൻസിപ്പൽ ഡയറക്ടറെന്നായിരിക്കും. പഞ്ചായത്ത് ഡയറക്ടറേറ്റ്, ഗ്രാമവികസന കമ്മീഷണറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ വകുപ്പുകൾ സംയോജിപ്പിച്ച് റൂറൽ, അർബൻ എന്നീ രണ്ടു വിഭാഗങ്ങൾ രൂപീകരിക്കും. ഗ്രാമവികസന കമ്മീഷണർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് പകരം ഡയറക്ടർ എൽ.എസ്.ജി.ഡി(റൂറൽ), ഡയറക്ടർ എൽ.എസ്.ജി.ഡി.(അർബൻ) എന്നീവ തസ്തികകൾ നിലവിൽ വരും. നിലവിലുള്ള എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയറുടെ ചുമതലയിൽ ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ആൻഡ് എൻജിനീയറിംഗ് വിംഗ് എന്നു മാറും. നിലവിലുള്ള നഗര-ഗ്രാമാസൂത്രണ വകുപ്പ് ചീഫ് ടൗൺ പ്ലാനറുടെ ചുമതലയിൽ പ്ലാനിംഗ് വിംഗ് ആയി മാറും.

നഗരകാര്യവകുപ്പിലെയും പഞ്ചായത്തുകളിലെയും ആരോഗ്യ-ശുചിത്വ വിഭാഗത്തിലെ എല്ലാ ജീവനക്കാരും പബ്ലിക് ഹെൽത്ത് ആൻഡ് എൺവയോൺമെന്റ് മാനേജ്‌മെന്റ് വിംഗിൽ ഉൾപ്പെടും. ഇവിടുത്തെ ജീവനക്കാരുടെ നിയമനം, പ്രമോഷൻ, സ്ഥലം മാറ്റം എന്നിവ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും ജില്ലയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടറിലുമായി നിക്ഷിപ്തമാകും. നിലവിൽ ത്രിതല പഞ്ചായത്തിലുള്ള സെക്രട്ടറി പദവി അതേനിലയിൽ നിലനിർത്തും. ഏകീകൃത വകുപ്പിന്റെ ജില്ലാ മേധാവിയായി ജോയിന്റ് ഡയറക്ടർ/ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണർക്കു സമാനമായ ആളെ നിയോഗിക്കും. ജോയിന്റ് ഡയറക്ടർ എൽ.എസ്.ജി.ഡി. എന്നായിരിക്കും ജില്ലാ മേധാവിയുടെ തസ്തിക. പബ്ലിക് ഹെൽത്ത് ആൻഡ് എൺവയോൺമെന്റ് മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ, എംപവർമെന്റ്, ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് എന്നീ ഉപവിഭാഗങ്ങൾ രൂപീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K