08 February, 2022 11:57:49 AM


മൊബൈൽ ആപ്പിൽ രേഖകളില്ല: ചിറിപ്പാഞ്ഞ സ്വകാര്യ ബസിനെ സിനിമാസ്‌റ്റൈലിൽ പിടികൂടി



മലപ്പുറം: മൊബൈൽ ആപ്പിൽ നോക്കിയപ്പോൾ ഫിറ്റ്‌നസ്, പെർമിറ്റ്, ടാക്‌സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെയില്ലാതെ സർവീസ് നടത്തിയ ദീർഘദൂര സ്വകാര്യ ബസ് സിനിമാസ്‌റ്റൈലിൽ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. 

ജില്ല എൻഫോഴ്‌മെന്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരം ദേശീയപാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്‌സ്‌മെന്‍റ് എം വി ഐ പി കെ മുഹമ്മദ് ശഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവർ പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോഴാണ് ഫിറ്റ്‌നസ്, പെർമിറ്റ്, ടാക്‌സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് ബസ് പിടികൂടുകയായിരുന്നു. 

ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ്കുവെട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് യാത്രക്കാരുടെ പൂർണ സഹകരണത്തോടെ ബസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർനടപടികൾക്കായി കേസ് മലപ്പുറം ആർടിഒയ്ക്ക് കൈമാറുമെന്ന് എം വി ഐ പി കെ മുഹമ്മദ് ശഫീഖ് പറഞ്ഞു. യാത്രക്കാർക്ക് ഉദ്യോഗസ്ഥർ തന്നെ മറ്റ് ബസുകളിൽ തുടർയാത്രക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K