24 January, 2022 01:15:07 PM


കുണ്ടന്നൂര്‍ കായലില്‍ മുങ്ങിയ ബോട്ടിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന്



കൊച്ചി: കുണ്ടന്നൂര്‍ കായലില്‍ മുങ്ങിയ ബോട്ട് ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന്. കുണ്ടന്നൂർ കായലിൽ നെട്ടൂർ നോർത്ത് ഭാഗത്ത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു സ്പീഡ് ബോട്ട് മുങ്ങി അപകടo. അപകടത്തിൽപെട്ട വിനോദ സഞ്ചാരികളെ സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളുമായിപ്പോയ സ്പീഡ് ബോട്ടിന്റെ അടിപ്പലകയിളകിയതാണ് ബോട്ട് മുങ്ങാനിടയാക്കിയത്.


ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളുമായി ലോക്ഡൗൺ ദിനത്തിൽ കായൽ ചുറ്റിയ സ്വകാര്യ കമ്പനിയുടെ സ്പീഡ് ബോട്ടാണ് മുങ്ങിയത്. നിലയില്ലാ കായലിൽ മുങ്ങിത്താഴ്ന്ന സഞ്ചാരികളും ഡ്രൈവറും രക്ഷപ്പെട്ടത് തൊട്ടടുത്ത ബോട്ട് യാഡിലുള്ളവരുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടു മാത്രം. സഞ്ചാരികൾ അലമുറയിട്ടതോടെ സമീപത്തെ ബോട്ട് യാഡിൽ ഉണ്ടായിരുന്നവർ‌ മറ്റൊരു ബോട്ടിലെത്തി രക്ഷിക്കുകയായിരുന്നു. മുങ്ങിയ ബോട്ട് യാഡിനു സമീപത്തേക്കു മാറ്റി കെട്ടിയിട്ടു.


ഫിറ്റ്നസും സുരക്ഷാ ജാക്കറ്റുകളും ഇല്ലാതെ ഒട്ടേറെ ബോട്ടുകളാണ് കുണ്ടന്നൂർ കായലിൽ സർവീസ് നടത്തുന്നത്. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരാണ് ബോട്ട് ഓടിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. ഞായറാഴ്ച്ച മുങ്ങിയ ബോട്ടിലെ തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ലൈസൻസ് ഇല്ലായിരുന്നതായും പറയുന്നു. ലൈസൻസ് ഇല്ലാത്ത സ്പീഡ് ബോട്ടുകൾ പിടിച്ചെടുക്കാൻ മരട് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K