07 January, 2022 10:36:40 PM


കുട്ടിയെ തട്ടിയെടുത്ത കേസിൽ പിടിയിലായ നീതുവിന്‍റെ കാമുകനും അറസ്റ്റിൽ



കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത കേസിൽ പിടിയിലായ നീതുവിന്‍റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ. നീതുവിനെയും കുട്ടിയെയും മർദ്ദിച്ചതിനും പണം തട്ടിയതിനുമാണ് പൊലീസ് കേസെടുത്തത്. പണം നൽകാതെ വന്നതിനെ തുടര്‍ന്ന് നീതുവിനെയും നീതുവിന്‍റെ പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ മർദ്ദിച്ചിരുന്നു. വഞ്ചനാ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്. ഇബ്രാഹിം ബാദുഷയെ നാളെ കോടതിയിൽ ഹാജരാക്കും. 


അതേ സമയം കുട്ടിയെ തട്ടിയെടുത്ത കേസിൽ നീതു മാത്രമാണ് പ്രതി. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവർത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതു തട്ടിയെടുത്തത്. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു.


കൂടാതെ വീഡിയോ കോളിലും സംസാരിച്ചു. ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. 



Share this News Now:
  • Google+
Like(s): 5.8K