07 January, 2022 08:32:17 PM


നീതു 21 വരെ റിമാൻഡിൽ; കോട്ടയം വനിതാ ജയിലിലേക്ക് മാറ്റാന്‍ നടപടിഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ റിമാന്‍‍‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവരെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റി. 

വ്യാഴാഴ്ച ​കോട്ടയം മെഡിക്കൽ കോളേജിലെ ​ഗൈനോക്കോളജി വിഭാ​ഗത്തിൽ നിന്നുമാണ് അശ്വതി എന്ന യുവതിയുടെ രണ്ട് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ നീതു തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കളമശ്ശേരി സ്വദേശിനിയായ നീതുരാജ് എന്ന യുവതിയെ കുഞ്ഞിനൊപ്പം സമീപത്തുള്ള ഒരു ഹോട്ടലിൽ നിന്നും പിടികൂ‌ടുകയായിരുന്നു. കളമശ്ശേരിയിൽ ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തുന്ന ആളാണ് നീതു എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഇബ്രാഹിം ബാദുഷ എന്ന യുവാവുമായി നീതു ബന്ധത്തിലായിരുന്നു. ഈ യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്ന സംശയത്തിൽ അതു മുടക്കാൻ വേണ്ടി താൻ ​രണ്ട് മാസം ​ഗർഭിണിയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നീതു യുവാവിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ ​ഗർഭം അലസിപ്പോയി. എന്നാൽ കുഞ്ഞില്ലെങ്കിൽ യുവാവ് തന്നെ ഉപേക്ഷിക്കും എന്ന ഭയം കാരണമാണ് ഒരു കുഞ്ഞിനെ തട്ടിയെടുക്കാൻ തീരുമാനിച്ചതെന്ന് നീതു പോലീസിനോട് പറഞ്ഞു. ഇതിനായി ജനുവരി നാലിന് കോട്ടയം മെ‍ഡിക്കൽ കോളേജിന് അടുത്ത ഹോട്ടലിൽ എത്തി റൂം എടുത്തു. തുടർന്ന് രണ്ട് ദിവസം ആശുപത്രിയിൽ കറങ്ങിയ ശേഷമാണ് ഇന്നലെ വൈകിട്ടോടെ കുഞ്ഞിനെ തട്ടിയെടുത്തത്. 

കുഞ്ഞിനെ എടുത്ത് ഹോട്ടൽ റൂമിൽ എത്തിയ ശേഷം കുഞ്ഞിനൊപ്പം ഫോട്ടോ യുവാവിന് അയച്ചു കൊടുക്കുകകയും യുവാവിന്‍റെ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു. യുവാവിനൊപ്പം ജീവിക്കാനും കുഞ്ഞിനെ വളർത്താനുമായിരുന്നു നീതുവിന്‍റെ പദ്ധതി. നീതുവിന്‍റെ ഭർത്താവ് വിദേശത്താണുള്ളത്. ഇവർ വിവാഹമോചിതരല്ല. ഈ ബന്ധം ഒഴിവാക്കി കാമുകനൊപ്പം പോകാനാണ് നീതു ആ​ഗ്രഹിച്ചത്. ഭര്‍ത്താവിന് ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ല. 

അതേസമയം, കുഞ്ഞിനെ തട്ടിയെടുത്തതിൽ യുവാവിന് പങ്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടു പോയ കേസിൽ നീതുവിനെ മാത്രമാണ് പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. നീതുവിന്‍റെ കാമുകന്‍ ഡ്രൈവറാണ്. ഇയാൾക്ക് മുപ്പത് വയസ്സുണ്ട്. ഇയാള്‍ കൈയിൽ നിന്നും യുവാവ് പണം വാങ്ങിയിട്ടുണ്ട്. ആ വിവരങ്ങൾ വേറെ തന്നെ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.  നീതു നേരത്തെ ചങ്ങനാശ്ശേരിയിലെ ഒരു കോളേജിൽ പഠിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലും മറ്റും മുമ്പ് വന്നിട്ടുള്ള പരിചയമാണ് ഇവിടേക്ക് നീതുവിനെ എത്തിച്ചത്. ആശുപത്രിക്ക് സമീപത്തെ ഒരു കടയിൽ നിന്നും നഴ്സുമാ‍രും ഡോക്ടർമാരും ഉപയോ​ഗിക്കുന്ന ഏപ്രൺ വാങ്ങി അതും ധരിച്ചാണ് ​ഗൈനോക്കോളജി വാർഡിൽ എത്തി കുഞ്ഞിനെ വാങ്ങി പോയത്. ചോദ്യം ചെയ്യല്ലിന്‍റെ ആദ്യഘട്ടത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പല കള്ളങ്ങളും യുവതി പറഞ്ഞു. ഇതെല്ലാം പൊലീസ് പൊളിച്ചതോടെയാണ് നീതു സത്യം പറയാൻ തയ്യാറായത്. യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്തതായി മൊഴി ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.


Share this News Now:
  • Google+
Like(s): 5.4K