04 January, 2022 10:46:14 AM


സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ തലയ്ക്കു വെടിയേറ്റ കുട്ടി മരിച്ചു



ചെന്നൈ: സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ തലയ്ക്കു വെടിയേറ്റ 11-കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സിഐഎസ്എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശി കലൈസെല്‍വന്‍റെ മകന്‍ പുകഴേന്തിയാണ് മരിച്ചത്.

പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപ്പര്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ മാസം 30നാണ് സംഭവം. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് മരണം സംഭവിച്ചത്. രാവിലെ വീടിന് മുന്നിലിരുന്ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികര്‍ സ്‌നൈപ്പര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.

അപകടകാരണം ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്‌ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ എന്ന് അന്വേഷിച്ചുവരുന്നു. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടച്ചു. പുതുക്കോട്ട പൊലീസ് അന്വേഷണം തുടങ്ങി. പോലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K