03 January, 2022 04:34:15 PM


തിരുവനന്തപുരത്ത് വൻ തീപിടിത്തം: പൊട്ടിത്തെറിയും ആകാശം മൂടി പുകയും; കത്തിയെരിഞ്ഞ് തെങ്ങും കടയും



തിരുവനന്തുപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പി ആർ എസ് ആശുപത്രിക്ക് സമീപമാണ് തീ പിടുത്തമുണ്ടായത്. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. തുടക്കത്തില്‍ ചെറിയ പുകയോടെ തുടങ്ങിയ തീ വളരെ പെട്ടെന്ന് തന്നെ ആളിപ്പടരുകയായിരുന്നു. ആദ്യം ഒരു യൂണിറ്റ് ഫയർ ഫോഴ്സ് മാത്രമായിരുന്നു എത്തിയത്. തീ വലിയ തോതില്‍ വ്യാപിച്ചതോടെ കൂടുതല്‍ ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമമായി. കടയില്‍ നിന്നും ഉയർന്ന തീ തെങ്ങിലേക്ക് അടക്കം പടർന്നു. ആക്രിക്കടയുടെ ഗോഡൌണിലാണ് തീപിടുത്തം ഉണ്ടായത്.

കടയില്‍ ആരെങ്കിലും ഉണ്ടായിരുന്ന എന്ന കാര്യം വ്യക്തമല്ല. കടയില്‍ നിന്നും വലിയ സ്ഫോടന ശബ്ദങ്ങളും ഉണ്ടായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അറിയിച്ച് 15 മിനിറ്റിനുള്ളില്‍ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും അവരുടെ ടാങ്കില്‍ വെള്ളം വളരെ കുറവായിരുന്നുവെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പത്ത് മിനിട്ട് കഴിഞ്ഞതോടെ വണ്ടിയിലെ വെള്ളം തീർന്നു. അപ്പോഴും തീ ആളിപ്പടരുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
 
ഗോഡൌണിനോട് ചേർന്ന് അഞ്ചോളം കടകളും തൊട്ടുപുറകില്‍ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തി. ആശുപത്രിയില്‍ നിന്നും 50 മീറ്ററോളം മാറിയാണ് തീ പടർന്നത്. വലിയ തോതില്‍ തീയും പുകയും ഉയർന്നത് രോഗികള്‍ക്ക് ഉള്‍പ്പട്ടെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

ഒരു വീടിന്റെ പുറകിലേക്ക് തീ പടരുന്നു. അവിടേക്ക് ഫയർ ഫോഴസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. കുപ്പികള്‍ പൊട്ടി ഉയർന്നു പൊങ്ങി. തീ പടർന്ന വീടിന്റെ ഒരു ഭാഗം പകുതിയോളം കത്തി നശിച്ചു
രക്ഷാപ്രവർത്തനത്തില്‍ നാട്ടുകാരും ചുമട്ട് തൊഴിലാളികും സജീവമായി പങ്കെടുത്തു. സ്ഥലത്ത് അതിശക്തമായ കാറ്റും ഉണ്ടായിരുന്നു. എയർപോർട്ടില്‍ നിന്നുള്‍പ്പട്ടെ നിരവധി യൂണിറ്റ് ഫയർ ഫോഴ്സ് പ്രദേശത്ത് എത്തി.

തീപിടുത്തത്തെ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റി. മുന്‍ കരുതല്‍ എന്ന നിലയില്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെ സാധനങ്ങള്‍ മാറ്റി. മേയർ ആര്യാ എസ് രാജേന്ദ്രന്‍ ഉള്‍പ്പടേയുള്ളവർ സ്ഥലത്ത് എത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K