13 December, 2021 10:00:17 AM


വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്; ഹർനാസ് സന്ധു ലോകത്തിന്‍റെ നെറുകയിൽ



ജറുസലേം: പഞ്ചാബ് സ്വദേശിനി ഹർനാസ് സന്ധു 2021-ലെ വിശ്വസുന്ദരിപ്പട്ടം നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റിൽ നടന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം നേടിയത്. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. 


ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. 


''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ഫൈനൽ റൗണ്ടിൽ ചോദിച്ചത്. ഇതിന് ഹർനാസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു''


നടിയും മോഡലുമായ ഹർനാസ് 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തു തുടങ്ങിയത്. 21കാരിയായ ഹർനാസ് ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K