11 December, 2021 09:57:57 PM


വഖഫ് റാലിയിലെ വിദ്വേഷ പ്രസംഗം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസ്



കോഴിക്കോട്: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു. സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എപി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പ്  പ്രകാരമാണ് കേസെടുത്തത്.
 
മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയും റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയിരുന്നു.  ''റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള 'വിഡ്ഢിത്തം' സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം'', എന്നീ പ്രസ്താവനകളാണ് അബ്ദുറഹ്മാൻ കല്ലായി നടത്തിയത്.

പ്രസ്താവന വിവാദമായതോടെ വിവാദ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തിയിരുന്നു. മതപരമായ കാഴ്ചപ്പാടാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിശദീകരണം. 

അതേസമയം കൊവിഡ് ചട്ടങ്ങൾ ലംഘിച്ചെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നുമുള്ള കാരണങ്ങളാൽ വഖഫ് സംരക്ഷണ റാലി നടത്തിയതിന്‍റെ പേരിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളടക്കം പതിനായിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭ രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മുസ്ലിം ലീഗിന്‍റെ റാലി. ഡിസംബർ ഒമ്പതാം തീയതിയാണ് റാലി സംഘടിപ്പിച്ചത്. നേതാക്കളടക്കം കണ്ടാലറിയാവുന്ന 10,000 പ‍േ‍ർക്കെതിരെയാണ് വെള്ളിയിൽ പൊലിസ് കേസ് എടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K