07 December, 2021 11:40:45 AM


സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ 'ഐ ആം ബാബറി' ബാഡ്ജ് ധരിപ്പിച്ച സംഭവം: പരാതിയുമായി ബിജെപി



പത്തനംതിട്ട: മല്ലപ്പളളി കോട്ടാങ്ങലില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി. കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് പരാതി നല്‍കി. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

കോട്ടാങ്ങല്‍ സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികളെ ചിലര്‍ യൂണിഫോമിലും ഉടുപ്പിലുമായി 'ഐ ആം ബാബറി' എന്ന ബാഡ്ജ് ധരിപ്പിച്ചെന്നാണ് പരാതി. ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികള്‍ ഇതുമായി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബാഡ്ജുമായി കുട്ടികള്‍ സ്‌കൂളില്‍ എത്തിയതറിഞ്ഞ് ഹെഡ്മാസ്റ്ററും രക്ഷിതാക്കളും പെരുമ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കുട്ടികളെ കലാപത്തിന് വഴിമരുന്നക്കാനുള്ള ഗൂഢ ശ്രമമാണ് എസ്ഡിപിഐയും, പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തുന്നതെന്ന് ബിജെപി കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ ദിനത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ക്യാമ്പസ് ഫ്രണ്ട് പറഞ്ഞു. ഒരാളെയും നിര്‍ബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ലായെന്നും ജില്ലാ പ്രസിഡന്റ് അജ്മല്‍ പി എസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K