27 November, 2021 06:03:40 PM


എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മഴക്കാലത്താണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. എലികളാണ് പ്രധാന രോഗവാഹകര്‍. ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിലാണ് ബാക്ടീരിയ വളര്‍ന്നുപെരുകുന്നത്. ഇവയുടെ മൂത്രത്തില്‍ കൂടി രോഗാണുക്കള്‍ ധാരാളമായി വിസര്‍ജ്ജിക്കപ്പെടുന്നു. ഒരു മില്ലീ ലിറ്റര്‍ മൂത്രത്തില്‍ പോലും കോടിക്കണക്കിന് ബാക്ടീരിയകള്‍ കാണും. ഇവ എലികളില്‍ രോഗം ഉണ്ടാക്കാറില്ല.

എലി മനുഷ്യനെ കടിച്ചാല്‍ എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കളും ആടുമാടുകളും പന്നിയും മറ്റും ചിലപ്പോള്‍ രോഗാണുവാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും, മഴ പെയ്യുമ്പോള്‍ ഒലിച്ച് ഓടകളിലും കനാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമൊക്കെ എത്തുന്നു. എലി മാളങ്ങളില്‍ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്കു വരുകയും വെള്ളം വ്യാപകമായി എലി മൂത്രം കൊണ്ടും വിസര്‍ജ്ജ്യം കൊണ്ടും മലിനമാക്കുന്നതുമൂലം എലിപ്പനി വ്യാപകമാകുകയും ചെയ്യുന്നു.  കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മൂന്ന് മാസമെങ്കിലും എലിപ്പനി ഭീഷണി നിലനില്‍ക്കും.

രക്തപരിശോധനയിലൂടെയാണ് എലിപ്പനി സ്ഥിരീകരിക്കുക.  മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ.  5-6 ദിവസത്തില്‍ പനി സുഖമാകുകയും ചെയ്യും. 10 ശതമാനം പേരില്‍ ഗൗരവമായ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു.  ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം.  വൃക്കകളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനം തന്നെ നിലച്ച് മരണം സംഭവിക്കാം. 

എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയുമുളള അറിവില്ലായ്മയും വൈറല്‍ പനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതുമാണ്. ഏത് പനിയായാലും തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രോഗനിര്‍ണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. പനി ഉള്‍പ്പടെയുളള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കേണ്ടതും അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

എലിപ്പനി എങ്ങനെ പടരുന്നു?

1. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ചവിട്ടുകയോ, കളിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വൃണങ്ങളോ ഉണ്ടെങ്കില്‍.
2. ശരീരത്തില്‍ മുറിവുകള്‍ ഒന്നും ഇല്ലെങ്കിലും ദീര്‍ഘനേരം മലിനജലത്തില്‍ നിന്ന് പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
3. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചര്‍മ്മത്തില്‍ കൂടി രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.
4. രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം.

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10-14 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

1. ശക്തമായ പനി.
2. ശക്തമായ തലവേദന
3. ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും. കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ കൈ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍  വേദന ഉണ്ടാകും.
4. അമിതമായ ക്ഷീണം.
5. കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്റെ  കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കണ്ണുകളില്‍ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പു നിറത്തിന് കാരണം. പനിക്കും ശരീര വേദനക്കും ഒപ്പം കണ്ണിന്റെ ചുവപ്പ് നിറം കൂടിയെങ്കില്‍ ഉടനെ ഡോക്ടറെ കാണണം.
6. മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍- പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചില്‍, ഛര്‍ദ്ദി. രോഗം കരളിനെ ബാധിക്കുന്നതിനാലാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തിന്റെ ഗൗരവ സ്വഭാവമുള്ള ലക്ഷണങ്ങളില്‍ ഒന്നാണിത്.
7. ശരീരത്തില്‍  ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക.  ത്വക്കില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് കാരണം. രോഗം ഗുരുതരാവസ്ഥയിലാണെങ്കില്‍ മൂക്കിലൂടെ രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കുക, മലം കറുത്ത നിറത്തില്‍ പോകുക എന്നിവയും ഉണ്ടാകാം.
8.   ചിലരില്‍ പനിയോടൊപ്പം വയറിളക്കം, ഛര്‍ദ്ദിയും ഉണ്ടാകും.

ചികിത്സ

പെന്‍സിലിന്‍ പോലുളള ആന്റിബയോട്ടിക് മരുന്നുകള്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ ആരംഭത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കണം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ തേടണം.

പ്രതിരോധം പ്രധാനം

1. മലിനജലം പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇറങ്ങരുത്.

2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. എലികളെ നിയന്ത്രിക്കാന്‍ ഇവ ഉപകരിക്കും.

3. പശു, മറ്റ് കന്നുകാലികള്‍, ഓമനമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും എലിപ്പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കണം.

4. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ആവശ്യമായി വരുന്നവര്‍ ഉദാ: വീടും പരിസരവും ശുചീകരണത്തിന് എത്തുന്നവര്‍, പണിയെടുക്കുന്നവര്‍, ഈര്‍പ്പമുളള  മണ്ണില്‍ കൃഷി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.  കൈയുറകള്‍, ബൂട്‌സ് എന്നിവ ധരിക്കുന്നത് കൂടാതെ രോഗപ്രതിരോധം നല്‍കുന്ന ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കണം.

5. ഏതെങ്കിലും കാരണവശാല്‍ മലിനജലത്തില്‍ ചവിട്ടേണ്ടി വന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക.

6. കുടിക്കാനുള്ള ജലം, അത് പൈപ്പ് വെളളം ആണെങ്കില്‍ കൂടി നല്ലതുപോലെ അഞ്ച് മിനിറ്റെങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക.  എലിമൂത്രം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കുക.

7. പാചകത്തിനും കുളിക്കാനും വായ് ശുദ്ധികരിക്കാനുമൊക്കെ ക്ലോറിനേറ്റ് ചെയ്ത ജലം മാത്രമേ ഉപയോഗിക്കാവൂ.
Share this News Now:
  • Google+
Like(s): 2.6K