17 November, 2021 08:17:49 AM


'കാർ ഭാര്യ ജോലി ചെയ്യുന്ന ബാങ്കിൽ എത്തിക്കണം'; മരിക്കും മുമ്പ് ഹരികൃഷ്ണൻ ആവശ്യപ്പെട്ടതിങ്ങനെകോട്ടയം: താൻ എഴുതിയ കഥ ഷോർട്ട് ഫിലിം ആക്കുന്ന തിരക്കുകൾക്കിടെയാണ് ഹരികൃഷ്ണൻ മരണത്തിലേക്ക് കാൽ നീട്ടിയത്. കഥയിൽ ഹരികൃഷ്ണന്‍ ഇങ്ങനെ എഴുതിയിരുന്നു: 'നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്നമേ വിട വാങ്ങിയോ....' സിനിമകളേയും യാത്രകളേയും പ്രണയിച്ച ഹരികൃഷ്ണന്റെ വിടവാങ്ങല്‍ ഈ വരികള്‍ക്ക് സമാനമാകുന്നു.

ഇന്നലെ കോട്ടയം മുട്ടമ്പലത്ത് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ പി. ഹരികൃഷ്ണന്‍ (37) പഠിച്ചത് നഴ്സിങ്ങായിരുന്നെങ്കിലും വാഹനങ്ങളോടും യാത്രകളോടുമുള്ള കമ്പം അയാളെ എത്തിച്ചത് പ്രമുഖ കമ്ബനികളുടെ മാര്‍ക്കറ്റിങ് രംഗത്തായിരുന്നു. ട്രെയിന്‍ പോകുന്നതിനായി അടച്ച റെയില്‍വേ ക്രോസിങ്ങില്‍ കാര്‍ നിര്‍ത്തിയ ശേഷം പാളത്തിനു സമീപം നിന്ന ഹരികൃഷ്ണൻ ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കോടിമതയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജനറല്‍ മാനേജരായിരുന്നു.

ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 11.10ന് മുട്ടമ്ബലത്താണ് അപകടം. ഗേറ്റിന് ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടപ്പോഴാണു സംഭവം. പുനലൂര്‍-ഗുരുവായൂര്‍ എക്സ്‌പ്രസിന്റെ അവസാന 2 കംപാര്‍ട്‌മെന്റുകള്‍ കൂടി പോകാനുള്ളപ്പോഴാണു ഹരികൃഷ്ണന്‍ പാളത്തിലേക്കു ചാടിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ അയര്‍ക്കുന്നത്ത് ബാങ്കില്‍ എത്തിക്കണമെന്ന് അവിടെനിന്നവരോട് ഹരികൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ ബാങ്കിലാണ് ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടമെന്ന് പൊലീസ് പറയുന്നു.

വാഹനങ്ങളോടുള്ള കമ്ബത്തിനിടെയിലും കോവിഡ് കാലത്ത് തന്റെ പഠന മേഖലയില്‍ സേവനത്തിനും ഹരികൃഷ്ണന്‍ സമയം കണ്ടെത്തി. ലോക്ഡൗണില്‍ വാഹന ഷോറൂമുകള്‍ അടച്ചിട്ട സമയത്ത് ആരോഗ്യ വകുപ്പിന് കീഴിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ സേവനത്തിനു ഹരികൃഷ്ണന്‍ സന്നദ്ധത അറിയിച്ചു. മാസങ്ങളോളം തെക്കുംതലയിലെ കേന്ദ്രത്തില്‍ നഴ്സായി ജോലി നോക്കി. വീണ്ടും ഇഷ്ട മേഖലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

മുട്ടമ്പലം വഴിയാണ് ഹരികൃഷ്ണന്‍ പതിവായി ജോലിസ്ഥലത്തേക്കു പോകുന്നത്. ഈ ഭാഗത്ത് പാതയിരട്ടിപ്പിക്കല്‍ നടക്കുന്നുണ്ട്. ട്രെയിനുകള്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്. ഇവിടെ കാര്‍ നിര്‍ത്തിയ ഹരികൃഷ്ണന്‍ മാറിനിന്നു ഫോണ്‍ ചെയ്യുന്നത് പലരും കണ്ടിരുന്നു. ട്രെയിന്‍ പോകുന്ന സമയം വരെ ഫോണ്‍ ചെയ്യുകയാണെന്ന് ഏവരും കരുതി. 

ആനിക്കാട് മുക്കാലി റൂട്ടിലെ ഹരികൃഷ്ണന്റെ വീട് ആരെയും ആകര്‍ഷിക്കുന്നതാണ്. ഷോര്‍ട്ഫിലിമുകളുടെയും യുട്യൂബ് വിഡിയോകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ലോക്ഡൗണിനു ശേഷം വീണ്ടും ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജരായി ചേര്‍ന്നു. അടുത്തിടെ കുടുംബസമേതം രാമേശ്വരത്തേക്കു തീര്‍ത്ഥയാത്ര നടത്തിയിരുന്നു. ഭാര്യ: വി.ലക്ഷ്മി വര്‍മ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, അയര്‍ക്കുന്നം). അഗ്രജ, ആര്‍ദ്രവ് എന്നിവരാണു മക്കള്‍. റിട്ട. കൃഷി ഓഫിസര്‍ എം.ജെ. പത്മനാഭന്‍ നായരുടെയും എസ്. രാധാമണിയുടെയും മകനാണ്. സംസ്‌കാരം ഇന്നു മൂന്നിന്.Share this News Now:
  • Google+
Like(s): 6.4K