14 November, 2021 08:38:56 PM


കനത്ത മഴ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി



തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസർകോട്, കൊല്ലം ജില്ലകളിലും തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകളിലുമാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് കളക്ടർ അറിയിച്ചു. സിബിഎസ്ഇ ഉൾപ്പടെ വിദ്യാർഥികൾ ആരും സ്കൂളുകളിൽ എത്തേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.

ആലപ്പുഴയിൽ അവധി

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

കോട്ടയം ജില്ലയില്‍

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (2021 നവംബർ 15) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം അതതിടങ്ങളിൽ ലഭ്യമാകണമെന്നും ഉത്തരവിൽ പറയുന്നു.

കൊല്ലത്ത് അവധി

കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയില്‍

രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 15 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.

കാസർകോട് ജില്ലയിൽ

കാസർകോട് ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കാസർകോട് ജില്ലയിലെ കോളേജുകൾക്ക് അവധി ബാധകമല്ല.

എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഓൺലൈൻ ക്ലാസുകൾ മാത്രം

എറണാകുളം ജില്ലയിൽ നാളെ (15/11/21) ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി

ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച (നവംബർ 15)അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകള്‍ 22ന് ആരംഭിക്കുമെന്ന് അറിയിച്ചു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായും പുതുക്കിയ തീയതി സര്‍വകലാശാല വൈബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K