12 November, 2021 05:48:00 AM


മദ്യവും കണക്കിൽപെടാത്ത പണവും; സബ് രജിസ്‌ട്രാർ ഓഫീസുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സബ് രജിസ്‌ട്രാർ ഓഫീസുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌.  രജിസ്ട്രേഷൻ നടത്തുന്ന സ്ഥലങ്ങളിൽ നിലനിൽക്കുന്ന കെട്ടിടത്തിന്റെ വില നിർണയ ചുമതലയിലടക്കം ക്രമക്കേട്‌  കണ്ടെത്തി.  വിവിധ ഓഫീസുകളിൽനിന്ന്‌ കണക്കിൽപ്പെടാത്ത പണവും പാലക്കാട്‌ സബ്‌ രജിസ്‌ട്രാർ ഓഫീസിൽനിന്ന്‌ രണ്ട്‌ കുപ്പി മദ്യവും  കണ്ടെടുത്തു. 

ആധാരമെഴുത്തുകാർ എഴുത്ത് കൂലിക്ക്‌ പുറമേ  ഇടപാടുകാരിൽനിന്നും  അധികമായി 1000  മുതൽ 5000  രൂപ വരെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നതിന് വാങ്ങുന്നതായും  കണ്ടെത്തി. ഈ തുക അതത് ദിവസം ഉച്ച കഴിഞ്ഞ് സബ് രജിസ്ട്രാർ ഓഫീസിലെത്തി വിതരണം നടത്തുന്നു.    പരിശോധനയിൽ കണക്കിൽപ്പെടാത്ത  മൂന്ന്‌  ലക്ഷത്തിൽപ്പരം രൂപയാണ്‌  വിജിലൻസ് പിടിച്ചെടുത്തത്‌. 

കോഴിക്കോട് കക്കോടി സബ് രജിസ്ട്രാർ ഓഫീസിൽനിന്നും 1,80,000 രൂപയും മുക്കം സബ് രജിസ്ട്രാർ ഓഫീസിൽനിന്നും 7,600 രൂപയും പത്തനംതിട്ട സബ് രജിസ്ട്രാർ ഓഫീസിൽനിന്നും 34000 രൂപയും തിരുവല്ല സബ് രജിസ്ട്രാർ ഓഫീസിൽനിന്നും 25,800  രൂപയും കോട്ടയം സബ് രജിസ്ട്രാർ ഓഫീസിൽനിന്നും 22,352 - രൂപയും ആലപ്പുഴ ഭരണിക്കാവ് സബ് രജിസ്ട്രാർ ഓഫീസിൽനിന്നും 14,500 - രൂപയും വയനാട് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും 12,000 - രൂപയും  കണ്ടെത്തി.   മലപ്പുറം എടപ്പാൾ സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 900 ചതുരശ്ര അടി വിസ്‌തീർണമാണെന്ന്‌ കാട്ടി രജിസ്‌റ്റർ ചെയ്‌ത കെട്ടിടം പരിശോധിച്ചപ്പോൾ 2500 ചതുരശ്ര അടിയാണെന്ന്‌ കണ്ടെത്തി.

കോട്ടയം പുതുപ്പള്ളി, രാമപുരം സബ് രജിസ്ട്രാർ ഓഫീസുകളിലും ഇടുക്കി ദേവികുളം സബ് രജിസ്ട്രാർ ഓഫീസിലും കെട്ടിടങ്ങളുടെ വില കുറച്ച്   രജിസ്റ്റർ ചെയ്യുന്നതായി വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആലപ്പുഴ കുത്തിയതോട്, ഭരണിക്കാവ്, പുതുപ്പള്ളി എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുന്ന അസ്സൽ ആധാരം ലൈസൻസിയുടെ കൈവശം കൊടുത്ത് വിട്ട് ഉടമകൾക്ക് കൈമാറുന്നു.   വിജിലൻസ്  ഐജി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

എസ്‌പിമാരായ  കെ ഇ ബൈജു,  പി ജയശങ്കർ,  ഹിമേന്ദ്രനാഥ്, വിനോദ് കുമാർ,  സജീവൻ എന്നിവർ  പരിശോധനയ്ക്ക് നേതൃത്വം നൽകി.  കെട്ടിടങ്ങളുടെ യഥാർഥ വിലയെക്കാൾ കുറച്ച് കാണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി തുടർ ദിവസങ്ങളിൽ സ്ഥല പരിശോധന കൂടി നടത്തി ഉറപ്പ് വരുത്തുമെന്ന് വിജിലൻസ്  ഡയറക്ടർ സുദേഷ് കുമാർ  അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K