08 November, 2021 03:46:33 PM


പട്ടയം നൽകുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിടിയിൽ



കാസർഗോഡ് : ജന്മനാ അംഗവൈകല്യമുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ കുഞ്ഞുമായി കഴിയുന്ന നിര്‍ദ്ധന യുവതിയോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റന്റും പിടിയിൽ. തന്റെ കുടുംബം എഴുപതു വര്‍ഷമായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം പതിച്ചു ലഭിക്കുന്നതിനായി സമീപിച്ച കാസര്‍കോട് ചീമേനി ഞണ്ടാടി സ്വദേശിനി നിഷയോട് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

ചീമേനി വില്ലേജ് ഓഫീസര്‍ കരിവെള്ളൂര്‍ തെരുവിലെ അമേയം വീട്ടില്‍ എ. വി സന്തോഷ്, ഫീല്‍ഡ് അസിസ്റ്റന്റ് തവിടിശേരി പുതിയവളപ്പിലെ കെ.സി മഹേഷ് എന്നിവരാണ് കാസര്‍കോട് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. ആവശ്യപ്പെട്ട തുകയില്‍ പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഡിവൈ എസ് പി കെ വി വേണുഗോപാലന്‍, സി ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചീമേനി ഞണ്ടാടിയില്‍ താമസിക്കുന്ന ടി പ്രമോദിന്റെ ഭാര്യ പി നിഷയാണ് പരാതിക്കാരി.

2019വരെ വസ്തു നികുതി അടച്ച സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് രണ്ടുവര്‍ഷം മുമ്ബ് അപേക്ഷ നല്‍കിയിരുന്നു. രേഖകള്‍ കമ്ബ്യൂട്ടര്‍വത്കരിക്കുന്നു എന്നുപറഞ്ഞ് രണ്ടു വര്‍ഷമായി നികുതി വാങ്ങിയിരുന്നില്ല. ഇതിനിടെ നിഷയുടെ പിതാവ് നാരായണന്‍ മരിച്ചു. തുടര്‍ന്ന് നിഷ പ്രത്യേകം അപേക്ഷ നല്‍കിയെങ്കിലും വില്ലേജ് ഓഫീസര്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

കൂലിവേല ചെയ്തു ജീവിക്കുന്ന നിഷ താലിമാല വിറ്റ് 25000 രൂപ നല്‍കാമെന്നേറ്റപ്പോള്‍ വെള്ളിയാഴ്ച എത്താന്‍ ആവശ്യപ്പെട്ടു. നിഷ വിജിലന്‍സിനെ സംഭവം അറിയിച്ചു. വിജിലന്‍സ് നല്‍കിയ 10000 രൂപയുടെ നോട്ടുകളുമായി നിഷ വില്ലേജ് ഓഫീസില്‍ എത്തി മഹേഷിന് പണം കൈമാറി. ഇയാള്‍ പണം വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എത്തി പിടികൂടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K