03 November, 2021 11:32:32 AM


ഒടുവിൽ മനംമാറ്റം: മതംമാറ്റ കേന്ദ്രത്തിൽനിന്നു ഗിൽബർട്ടിന്‍റെ ഭാര്യ തിരിച്ചെത്തി



കോഴിക്കോട് : വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തി ഭര്‍ത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ യുവതി തിരികെ എത്തി. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ സഹായത്തിനായി ഭർത്താവിനെ വിളിച്ചത്. തുടർന്ന് അദ്ദേഹത്തിന്‍റെ ഇടപെടലിൽ മതപഠനകേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു.

കോഴിക്കോട് സര്‍വകലാശാലയ്ക്ക് അടുത്തു നീരോല്‍പ്പലത്തെ ഷൈനി എന്ന യുവതിയാണ് ഏറെ വിവാദമുയര്‍ത്തിയ മതംമാറ്റ ശ്രമത്തിനു ശേഷം തിരികെ എത്തിയത്. സിപിഎം നീരോല്‍പ്പലം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു പി.ടി.ഗില്‍ബര്‍ട്ട്. ടാക്സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ ഷൈനിയാണ് ഭർത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതംമാറാനായി പോയത്.

ചില സംഘടനകൾ ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കാൻ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു ഗില്‍ബര്‍ട്ട് രംഗത്തുവന്നതു വലിയ വാര്‍ത്തയായിരുന്നു. ചില അയൽവാസികളുടെ നേതൃത്വത്തിലാണ് ഭാര്യയെ അവർ വലയിലാക്കിയതെന്നും ഗിൽബർട്ടിന്‍റെ പരാതിയിൽ പറഞ്ഞിരുന്നു. ഭാര്യയെയും മകനെയും കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ടു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ സ്വതന്ത്രയായി പോകാന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.

സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. ഇതോടെ യുവതിയെ കോടതി വിട്ടയച്ചു. തുടര്‍ന്നു മതപഠനകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു യുവതി. 40 ദിവസത്തോളം രണ്ടു മതപരിവര്‍ത്തന കേന്ദ്രങ്ങളിലായി കഴിഞ്ഞെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാതെ താന്‍ ഭര്‍ത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നു ഷൈനി പറയുന്നു. പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെണ്‍കുട്ടികള്‍ കഴിയുന്നതെന്നു ഷൈനി മാധ്യമങ്ങളോടു പറഞ്ഞു. കോഴിക്കോട്ടെ ഒരു കേന്ദ്രത്തില്‍നിന്നാണ് ഇവർ തിരികെ എത്തിയത്.

ആദ്യം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരുന്നെന്നും അവിടെനിന്നാണ് ഇവിടേക്കു മാറ്റിയതെന്നും ഇവര്‍ പറയുന്നു. മുപ്പതോളം പെണ്‍കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ട്. ഇവിടെ താമസിക്കുന്ന ഒരു യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി തന്നോടു പറഞ്ഞെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യയെ കാണാതായതിനെത്തുടര്‍ന്നു സഹായം തേടി ഗില്‍ബര്‍ട്ട് പാര്‍ട്ടിയെയും സമീപിച്ചിരുന്നു. പിന്നീടു പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തി ഗില്‍ബര്‍ട്ടിനെതിരേ സിപിഎം നടപടിയെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K