02 November, 2021 05:12:13 PM


ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പിന് ഇരയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയിൽ




കൊല്ലം: അഞ്ചലില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കണ്ണങ്കോട് മേനാച്ചേരി വീട്ടില്‍ ദേവസ്യയാണ് തൂങ്ങി മരിച്ചത്. മാസം തോറും വലിയ തുക അക്കൗണ്ടില്‍ വരും എന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. തട്ടുകട നടത്തി ഉപജീവനം നടത്തിവന്ന ദേവസ്യയെ കുളത്തുപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് മണി ചെയിനിനു സമാനമായ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കിയത്. ഓണ്‍ലൈണ്‍ ബിസിനസില്‍ വലിയ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം.

75000 രൂപ വാങ്ങിയാണ് ബിസിനസില്‍ ചേര്‍ത്തത്. ആദ്യം ഒരു മാസം ദേവസ്യയുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഏഴ് പേരെ ദേവസ്യ ഓണ്‍ലൈന്‍ ബിസിനസില്‍ ചേര്‍ത്തു. ഇവരില്‍ നിന്ന് 75000 രൂപ വാങ്ങി തട്ടിപ്പ് സംഘത്തെ ഏല്‍പ്പിച്ചു. മാസം തോറും വലിയ തുക ലഭിക്കും എന്നായിരുന്നു ഇവര്‍ക്കും നല്‍കിയ വാഗ്ദാനം.

അക്കൗണ്ടില്‍ പണം വരാതായതോടെ ഇവര്‍ നിരന്തരം ദേവസിയുടെ വീട്ടിലെത്തി. നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം തട്ടിപ്പ് നടത്തിയ സംഘത്തെ അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും പണം തിരികെ നല്‍കില്ലെന്നും പറഞ്ഞു. ഇതില്‍ മനംനെന്താണ് ദേവസ്യ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചതെന്ന് ഭാര്യ ലിസി. തട്ടിപ്പ് സംഘത്തിന് എതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K