25 September, 2021 01:08:04 PM


പുഴയിൽ കുടുങ്ങിയ ആനയെ രക്ഷിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു; മാധ്യമപ്രവർത്തകൻ മരിച്ചു



കട്ടക്ക്: മലവെള്ളപ്പാച്ചിലിൽ നദിയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ശ്രമിക്കവേ മാധ്യമപ്രവർത്തകൻ മരിച്ചു. പ്രാദേശിക മാധ്യമമായി ഒടിവി ചീഫ് റിപ്പോർട്ടർ അരിന്ദം ദാസ് ആണ് മരിച്ചത്. ഒഡിഷയിലെ മുണ്ടലിയിൽ മഹാനദിയിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനടക്കം നദിയില്‍ വീഴുകയായിരുന്നു. അഞ്ച് ഒഡിആർഎഎഫ് (ഒഡിഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) അംഗങ്ങളും പ്രാദേശിക  മാധ്യമമായ ഒടിവി ചീഫ് റിപ്പോർട്ടർ അരിന്ദം ദാസ്, ക്യാമറമാൻ പ്രവാത് സിൻഹ എന്നിവരാണ് ആനയെ രക്ഷിക്കാനിറങ്ങിയ രക്ഷാ ബോട്ടിൽ ഉണ്ടായിരുന്നത്.

മഴവെള്ളം കുതിച്ചെത്തിയതോടെ ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട്  മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകരെയും മൂന്ന് ഒഡിആർഎഎഫ് പ്രവർത്തകരേയും ഉടന്‍തന്നെ എസ്‌സി‌ബി മെഡിക്കൽ കോളെജിലേക്ക് മാറ്റിയെങ്കിലും മാധ്യമപ്രവർത്തകന്‍റെ ജീവൻ  രക്ഷിക്കാനായില്ല. ബോട്ട് അപകത്തില്‍പ്പെടുന്ന ദൃശ്യം വനംവകുപ്പ് ഉദ്യോഗസ്ഥനായ പ്രവീണ്‍ അംഗുസ്വാമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അരിന്ദം ദാസിന്‍റെ ജീവന്‍ തിരിച്ചുകിട്ടാനായി ഏറെ പരിശ്രമിച്ചെന്ന് എസ്‌സിബിസി സൂപ്രണ്ട് ഭുവാനന്ദ മൊഹരാന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അരിന്ദം ദാസിന്‍റെ സഹപ്രവര്‍ത്തകനായ ക്യാമറാമാന്‍ പ്രവത് സിംഗ് ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. ജോലിയുടെ ഭാഗമായാണ് നദിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള് പകര്‍ത്താനായി ദാസും ക്യാമറാമാനും വെള്ളിയാഴ്ച രാവിലെ സംഭവ സ്ഥലത്തെത്തിയത്. ഒഡീഷയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ച അരിന്ദം ദാസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K