18 September, 2021 07:03:15 PM


രാത്രിയിൽ യുവതികളുടെ അശ്ലീല സംഭാഷണം: വാടക വീട്ടിൽ പെൺവാണിഭം; 5 പേർ അറസ്റ്റിൽ



കോഴിക്കോട്: പാറോപ്പടി ചേവരമ്പലം റോഡിലെ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയത് നാട്ടുകാരുടെ പരാതിയെ തുടർന്ന്. രാത്രിയായാൽ ഈ വീട്ടിൽ നിന്ന് യുവതികളുടെ അശ്ലീല ശബ്ദങ്ങൾ കേട്ടതോടെയാണ് നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നു യുവതികൾ ഉൾപ്പടെ അഞ്ചു പേരാണ് പിടിയിലായത്.

നരിക്കുനി സ്വദേശിയായ ഷഹീൻ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി പെൺവാണിഭം നടത്തിവന്നതെന്ന് പൊലീസ് പറയുന്നു. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ്(32), ചേവായൂർ തൂവാട്ട് താഴ് വയലിൽ ആഷിഖ്(24), പയ്യോളി നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ഷഹീൻ മുമ്പും കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് നിരവധി സ്ഥലങ്ങളിൽ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പിടിയിലായ യുവതികളുടെ ഫോണുകൾ പരിശോധിച്ചതിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകാരായിരുന്ന അമ്പതോളം പേരുടെ ഫോൺ നമ്പരുകളും മറ്റ് വിശദാംശങ്ങളും ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന ഷഹീൻ വാട്സാപ്പ് വഴി, യുവതികളുടെ ചിത്രം അയച്ചു നൽകിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. ഇഷ്ടമുള്ള ആളെ സെലക്ട് ചെയ്തു കഴിഞ്ഞാൽ മുൻകൂട്ടി പണം നൽകി, ബുക്ക് ചെയ്യുന്നതാണ് രീതി. സമയവും തീയതിയും അറിയിക്കുന്നത് അനുസരിച്ച് ഇടപാടുകാർക്ക് ഇവിടെ എത്തേണ്ട അറിയിപ്പും വാട്സാപ്പ് വഴി നൽകുകയാണ് ചെയ്തിരുന്നത്.

സന്ധ്യ ആയാൽ ഈ വീടിലേക്ക് നിരവധി വാഹനങ്ങൾ വന്നു പോകുന്നത് പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പലപ്പോഴും രാത്രി വൈകുംവരെയും ഇവിടെ ആളുകൾ വന്നു പോകാറുണ്ട്. രാത്രിയിൽ ഇവിടെനിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേൾക്കുന്നതും പതിവായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് വീട് നിരീക്ഷിച്ചിവരികയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവിടെ വാഹനത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ എത്തിയതോടെയാണ് സമീപവാസികൾ പൊലീസിന് വിവരം നൽകിയത്. ഇതേത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയ പരിശോധനയിലാണ് അഞ്ചുപേർ പിടിയിലായത്. മെഡിക്കൽ കോളേജ്‌ പൊലീസ്‌ അസി. കമീഷണർ കെ സുദർശനന്‍റെ നിർദേശ പ്രകാരം ചേവായൂർ പൊലീസ്‌ ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ, എസ്‌ ഐ ഷാൻ, സീനിയർ സി പി ഒ ഷഫീക്‌, ശ്രീരാജ്‌, രമ്യ, ബൈജു എന്നിവരാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K