13 September, 2021 05:46:42 PM


സ്‌നേഹമെന്ന വജ്രായുധം ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം ആശങ്കാജനകം - എന്‍ എസ് എസ്



കോട്ടയം: ജിഹാദ് നാര്‍ക്കോട്ടിക് ജിഹാദ് വിഷയങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയായതിനിടയില്‍ നിലപാട് വ്യക്തമാക്കി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.


മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാദ്ധ്യതയും കടമയും കേന്ദ്ര - സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്കുന്നത് ശരിയുമല്ല.ഇത്തരം നടപടികള്‍ക്കു വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായസംഘടനകളും ആവശ്യമായ മുന്‍കരുതലുകളും പ്രചരണങ്ങളും നടത്തേണ്ടതുണ്ട്. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളെ തുറിയാന്‍ ജാതിമതഭേദമെന്യ കൂട്ടായി പരിശ്രമിക്കുകയും വേണം എന്നും സുകുമാരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


തീവ്രവാദം പ്രണയത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് സുപ്രധാനമായ നിരീക്ഷണം ജി സുകുമാരന്‍ നായര്‍ നടത്തുന്നുണ്ട്. അതായത് ഫലത്തില്‍ ഈ വിഷയത്തില്‍ പാലാ രൂപതയുടെ നിലപാട് എന്‍എസ്എസ് സെക്രട്ടറി ജി സുകുമാരന്‍ നായരും അംഗീകരിക്കുന്നു. അതേസമയം ലൗ ജിഹാദ് വിഷയങ്ങളെ ഏതെങ്കിലും മതവുമായി കൂട്ടി ചേര്‍ക്കരുത് എന്നും ജി സുകുമാരന്‍ നായര്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ സൂക്ഷിച്ചുള്ള നിലപാടിലേക്ക് ആണ് എന്‍എസ്എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിലപാട് എടുക്കുന്നത്. ഇതാദ്യമായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ലൗ ജിഹാദ് വിഷയത്തില്‍ പ്രധാനപ്പെട്ട ഒരു പരാമര്‍ശവുമായി രംഗത്തുവരുന്നത്.


ബിജെപിയും സംഘപരിവാറും ലൗജിഹാദ് വിഷയത്തില്‍ ഏറെ കാലമായി നിലപാട് എടുക്കുമ്പോഴാണ് എന്‍എസ്എസ് ഈ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ക്ക് തയ്യാറാകാതിരുന്നത്. കത്തോലിക്കാ സഭയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന എന്‍എസ്എസ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിലപാട് വ്യക്തമാക്കിയ അതേദിവസം തന്നെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.


ഈ സഭകള്‍ ലൗ ജിഹാദ് എന്ന പേരില്‍ തന്നെ ശക്തമായി രംഗത്ത് വരുമ്പോഴും മതങ്ങളുമായി ചേര്‍ത്ത് വായിക്കരുത് എന്ന ജി സുകുമാരന്‍ നായരുടെ നിലപാട് ശ്രദ്ധേയമാണ്. ഏതായാലും ക്രൈസ്തവ സഭകള്‍ക്ക് പുറമേ എന്‍എസ്എസ് കൂടി പ്രണയത്തില്‍ കൂടിയുള്ള മതപരിവര്‍ത്തനത്തെ എതിര്‍ത്തതോടെ ഈ വിഷയത്തില്‍ ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാണ്. ഏറെ കാലമായി എന്‍ എസ് എസുമായി അകന്നു നില്‍ക്കുന്ന സിപിഎം ഇതില്‍ എന്ത് ചെയ്യും എന്നത് ആണ് ഇനി അറിയാന്‍ ഉള്ളത്. എന്‍എസ്എസുമായി അടുപ്പം പുലര്‍ത്തുന്ന യുഡിഫ് നേതൃത്വവും ഈ വിഷയത്തില്‍ ഇനി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K