10 September, 2021 08:18:57 PM


പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട്; നവമാധ്യമ താരമായ യുവതിയും സഹായിയും അറസ്റ്റിൽ



പത്തനംതിട്ട: ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഘത്തിന്‍റെ പരാതിയിൽ തിരുവല്ല പൊലീസ് നേരത്തേ ഇവർക്കെതിരെ കേസെടുത്തിരുന്നു.

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവർക്കെതിരെ പള്ളിയോടം ഭരവാഹികൾ പരാതി നൽകിയത്. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമായതും.

എന്നാൽ പള്ളിയോടത്തിൽ ഷൂസിട്ട് കയറാൻ പാടില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നവ മാധ്യമങ്ങളിൽ നിന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവര്‍ ഒഴിവാക്കിയിരുന്നു.

വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്. പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ യുവതി ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K