10 September, 2021 08:07:55 PM


സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി; ബലാത്സംഗത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ



മുംബൈ: നിർഭയ മോഡല്‍ ക്രൂരത വീണ്ടും. യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റിയ നിലയിൽ കണ്ടെത്തി. യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. മുംബൈയിലെ സാക്കിനാക്ക പ്രദേശത്തുള്ള ഖിയറാനി റോഡിലാണ് യുവതിയെ കണ്ടെത്തിയത്.

യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

മുംബൈ സാക്കിനാക്കയിലെ ഖിയറാനി റോഡിൽ യുവതി പരിക്കേറ്റ നിലയിൽ കിടക്കുന്നതായി പുലർച്ചെ മൂന്ന് മണിക്കാണ് പൊലീസിൽ ഫോൺവിളിയെത്തിയതെന്ന് ഡി സി പി മഹേശ്വര്‍ റെഡ്ഡി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോയ്ക്കുള്ളിൽ പരിക്കേറ്റ നിലയിൽ യുവതി കിടക്കുകയായിരുന്നു. വാഹനത്തിന് പുറത്തുണ്ടായിരുന്ന ഒരു പുരുഷനും പരിക്കേറ്റ നിലയിലായിരുന്നു.

യുവതിയെ ഉടൻ തന്നെ രാജവാഡി ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ക്രൂരമായി ലൈംഗികാതിക്രമം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഡോക്ടർമാര്‍ നൽകിയ വിവരം അനുസരിച്ച് കേസെടുത്തതായി പൊലീസ് പറഞ്ഞു. യുവതി അബോധാവസ്ഥയിലാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെ ക്രൈം സീനിലുണ്ടായിരുന്നയാളെ അറസ്റ്റ് ചെയ്തതായി ഡി സി പി അറിയിച്ചു.

കൂടുതൽ അന്വേഷണം നടത്തിയാലേ കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാകൂവെന്നും പൊലീസ് അറിയിച്ചു. പ്രദേശവാസിയായ മധുചവാൻ എന്ന 45 കാരനാണ് അറസ്റ്റിലായത്.


Share this News Now:
  • Google+
Like(s): 5.8K