09 September, 2021 06:16:54 PM


ലീഗുമായി ഏറ്റുമുട്ടലിന് ഉറച്ച് ഹരിത നേതാക്കള്‍; പോരാട്ടമാണ് വഴിയെന്ന് മുഫീദ തസ്നി



കോഴിക്കോട്: ലീഗുമായി ഏറ്റുമുട്ടലിന് ഉറച്ച് ഹരിത നേതാക്കള്‍. പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് പിരിച്ചുവിട്ട ഹരിതയുടെ സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്‌നി വ്യക്തമാക്കി. ഹരിതക്കെതിരെ നടപടി വേണമെന്ന് ഉറച്ച നിലപാടെടുത്ത സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മുന്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് ഹഫ്‌സ മോള്‍ രംഗത്തെത്തി. അതേസമയം ഹരിതക്കെതിരായ നടപടിയെ എം.കെ മുനീര്‍ ന്യായീകരിച്ചു.

പോരാട്ടം തുടരും ഹരിത പകര്‍ന്ന കരുത്തോടെ എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തിലാണ് ലീഗ് നേതൃത്വം പിരിച്ചുവിട്ട ഹരിതയുടെ പ്രസിഡണ്ടായിരുന്ന മുഫീദ തസ്‌നിയുടെ ലേഖനം . പോരാട്ടം പാര്‍ട്ടിക്കെതിരല്ല, തെറ്റു ചെയ്ത നേതാക്കള്‍ക്കെതിരെയാണ്. ആത്മാഭിമാനത്തിന് പോറലേറ്റതുകൊണ്ടാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടിയില്ലെങ്കില്‍ എല്ലാ കാലവും കുറ്റബോധം വേട്ടയാടും. വരും തലമുറക്ക് നല്ല സന്ദേശം നല്‍കേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന ഇരകളാവാനല്ല, കലഹിക്കുന്ന പോരാളികളാകാനാണ് ആഗ്രഹിക്കുന്നത്. പത്ത് വര്‍ഷത്തെ ഹരിത ജീവിതം ആ പോരാട്ടത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. മുഫീദ തസ്‌നി ലേഖനത്തില്‍ പറയുന്നു. ഞങ്ങള്‍ പിടിച്ച കൊടിതെറ്റിയിട്ടില്ലെന്ന് ഇനിയും പ്രതീക്ഷിക്കുന്നുവെന്നും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദദ്ധവുമായ നടപടികള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ വ്യക്തമാക്കുന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്കം ലംഘനം നടത്തിയിട്ടില്ല. വനിതാ കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങള്‍ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടെതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ച് തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത ഞങ്ങളെ അതിന് പ്രാപ്തരാക്കിയിട്ടുണ്ട്.

സ്വന്തം പാര്‍ട്ടിയിലെ അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളോട് പോലും ഐക്യപ്പെട്ട് കലഹിത്താതെ അടിച്ചമര്‍ത്തപ്പെട്ട ഇരകളായി ജീവിക്കുന്നവരുണ്ട്. രണ്ട് അനീതിയോടും പ്രശ്നങ്ങളോടും രാജിയാകാതെ ചോദ്യങ്ങള്‍ ചോദിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും കലഹിക്കുന്ന പോരാളികളുമുണ്ട്. ഞങ്ങള്‍ പോരാളികളുടെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.- മുഫീദ ലേഖനത്തില്‍ വ്യക്തമാക്കുന്നു. സാദിഖലി തങ്ങളെ വിമര്‍ശിച്ചും ഉന്നതാധികാര സമിതിയെ ചോദ്യം ചെയ്തും ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹഫ്‌സ മോള്‍ രംഗത്തെത്തി. നേതാക്കളെ പ്രശംസിക്കുന്നവര്‍ക്ക് സ്ഥാനം ലഭിക്കും.

മിണ്ടുന്നവര്‍ക്ക് പുറത്തുപോകാം. സ്രാങ്ക് പറയുന്നത് കേട്ടാല്‍ മതി, ജയ് സാദിഖലി തങ്ങള്‍ ഇതാണ് ഹഫ്‌സ മോളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹരിതക്കെതിരെയുള്ള നടപടിയില്‍ എം.എസ്.എഫ് നേതാക്കളില്‍ ഒരു വിഭാഗത്തിനും കടുത്ത പ്രതിഷേധമുണ്ട്. അതേസമയം ഹരിതക്കെതിരെയുള്ള നടപടിയെ ന്യായീകരിച്ച് എം.കെ മുനീര്‍ രംഗത്തെത്തി. നടപടിക്ക് വിധേയമായെങ്കിലും പാര്‍ട്ടി വിടാതെ, ഉയര്‍ത്തിയ വിഷയങ്ങള്‍ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് ഹരിത തീരുമാനം. ഒപ്പം എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസുമായി ശക്തമായി മുന്നോട്ടുപോവാനും ഹരിത തീരുമാനമുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K