03 September, 2021 11:18:48 AM


സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ഗുണ്ടായിസം ; മൂന്ന് യുവാക്കള്‍ പിടിയില്‍



മട്ടാഞ്ചേരി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറോട് മോശമായി പെരുമാറിയ മൂന്ന് പേരെ തോപ്പുംപടി പൊലീസ് പിടി കൂടി. തോപ്പുംപടി ചെമ്മീന്‍സ് വാറു വൈദ്യന്‍ റോഡില്‍ വഞ്ചി പുരക്കല്‍  ജിന്‍സന്‍, ബീച്ച് റോഡില്‍ മിഷൈല്‍ ക്ലീറ്റസ്, മൂലങ്കുഴി ചക്കാലക്കല്‍ ജിബിന്‍ ജോസഫ് എന്നിവരെയാണ് പൊലീസ് അറസറ്റ് ചെയ്തത്.


വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം. ഡോക്ടര്‍ ഗായത്രി മോഹന്‍, നഴ്സ് റാണി എന്നിവരെയാണ് ഇവര്‍ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. സംഘത്തിലെ ഒരാളുടെ കണ്ണിന്റെ പുരികത്തിനേറ്റ പരിക്ക് ചികിത്സിക്കാന്‍ എത്തിയതാണ് മൂവര്‍ സംഘം. ചികിത്സയുടെ ഭാഗമായി പുരികം വടിക്കണമെന്ന് വനിത ഡോക്ടര്‍ ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപിപ്പിക്കാന്‍ കാരണം.


പുരികം വടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സംഘത്തിലെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന ആയുധമെടുത്തു സ്വയം കൈമുറിക്കുകയും മുറിവ് ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഡോക്ടര്‍ ഇതിനെ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് സംഘം ആശുപത്രി വളപ്പില്‍ രോഗിയുമായി പോകാന്‍ കിടന്ന ആംബുലന്‍സില്‍ കല്ല് കൊണ്ടിടിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K