02 September, 2021 03:50:11 PM


"മോഷണം തന്നെ": ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദം വഴിത്തിരിവില്‍



ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായ  സംഭവത്തിൽ അന്വേഷണം വഴിത്തിരിവില്‍. ശ്രീകോവിലിനുള്ളിലെ ഭഗവാന്‍റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയില്‍ ഒമ്പത് മുത്തുകള്‍ ഇളകി കാണാതെപോയതാണ് എന്ന ദേവസ്വം അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട്. മാലയിലെ മുത്തുകള്‍ കുറഞ്ഞതോ കാണാതായതോ അല്ലെന്നും യഥാര്‍ത്ഥ മാല തന്നെ മോഷണം പോയതാണെന്നുമുള്ള കണ്ടെത്തലാണ് ദേവസ്വം ബോർഡ് വിജിലൻസിന്‍റേത്. 

മാലമോഷണം പിടിക്കപ്പെടുമെന്നായപ്പോള്‍ യഥാർത്ഥ മാലയ്ക്കുപകരം പുതിയത് വച്ചതാണെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് സമര്‍പ്പിച്ചു. രുദ്രാക്ഷമാലയിൽ 9 മുത്തുകൾ കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും സംഭവം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പരമാർശിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്‍റെ ശുപാർശ. 

മാലവിവാദത്തെതുടര്‍ന്ന് ദേവസ്വം തിരുവാഭരണം കമ്മീഷണര്‍ അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ മാലയില്‍ നിന്ന് മുത്തുകള്‍ നഷ്ടപ്പെട്ടതായ ലക്ഷണങ്ങള്‍ കാണാനായിരുന്നില്ല. 81 മുത്തുകളുള്ള മാലയ്ക്ക് പകരം 72 മുത്തുകളുള്ള ഒരു മാലയാണ് കാണാനായത്. മുത്തുകള്‍ നഷ്ടപ്പെട്ടെന്ന വാദം തള്ളിയ അദ്ദേഹം മാല മാറ്റിവെച്ചതായിരിക്കാമെന്ന സംശയം അന്നേ പ്രകടിപ്പിച്ചിരുന്നു.  ഇതിനുപിന്നാലെയാണ് ദേവസ്വം വിജിലന്‍സും പോലീസും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചത്.

ദേവസ്വം രജിസ്റ്ററില്‍ 23 ഗ്രാം സ്വർണ്ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷമാലയെന്നാണ് രേഖപ്പെടുത്തിയിക്കുന്നത്. ഇത് 2006ല്‍ അന്ന് അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ ആയിരുന്ന ജയലാല്‍ നടയ്ക്കുവെച്ചതാണ്. ഇപ്പോള്‍ പരിശോധനയില്‍ കണ്ടെത്തിയ 72 മുത്തുകളുള്ള മാലയില്‍ 20 ഗ്രാം സ്വര്‍ണ്ണമാണുള്ളതെന്ന് തിരുവാഭരണം കമ്മീഷണര്‍ അജിത്കുമാര്‍ 'കൈരളി വാര്‍ത്ത'യോടു പറഞ്ഞിരുന്നു. മുത്തുകള്‍ കൊഴിഞ്ഞുപോയതാണെങ്കില്‍ ആ ഭാഗത്ത് കമ്പി തെളിഞ്ഞു കാണണമെന്നും എന്നാല്‍ ഇപ്പോഴുള്ള മാലയില്‍ അത്തരം ലക്ഷണങ്ങളില്ലെന്നും 72 മുത്തുകളും കൃത്യമായി കോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.  

ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ ജൂലൈയില്‍ ചുമതല ഏറ്റെടുത്തപ്പോഴാണ് ഭഗവാന്‍റെ വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്ന രുദ്രാക്ഷമാലയിലെ മുത്തുകളില്‍ വന്ന കുറവ് ശ്രദ്ധയില്‍പ്പെട്ടത്. മേല്‍ശാന്തിമാര്‍ ചാര്‍ജ് കൈമാറുന്ന ചടങ്ങ് ശ്രീകോവിലിനുള്ളിലായതിനാലും അങ്ങോട്ട് മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്തതിനാലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലാ എന്നായിരുന്നു ഉദ്യോഗസ്ഥരും ജീവനക്കാരും പറഞ്ഞിരുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് ജയലാല്‍ മാല നടയ്ക്കുവെച്ചപ്പോള്‍ നല്‍കിയ രസീതില്‍ മുത്തുകളുടെ എണ്ണം തെറ്റായി രേഖപ്പെടുത്തിയതായിരിക്കാം എന്നുള്ള വാദവും ഇവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനത്തുള്ള ഏറ്റുമാനൂരില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് ആഴ്ചകള്‍ കഴിഞ്ഞിട്ടും ദേവസ്വം പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പെടുത്താത്തതിലും ദുരൂഹത നിലനില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ദേവസ്വം വിജിലന്‍സ് എസ് പി ബിജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാല മാറ്റിവെച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

ഇതിനിടെ മാലവിവാദം സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി ക്ഷേത്രം ഉപദേശകസമിതിയുടെ മുന്‍ അംഗം  രഘുനാഥൻ നായർ രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തില്‍ ഇതിനുമുമ്പ് നടന്നിട്ടുള്ള ഒട്ടനവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും രഘുനാഥൻ നായർ മന്ത്രി വി.എന്‍.വാസവന് നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ നിന്നും ഇതുപോലെ വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണവും കണക്കെടുപ്പും നടത്തി ദുരൂഹതകള്‍ നീക്കണമെന്നും ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K