02 September, 2021 02:00:44 PM


അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു മരണം; 12 പേർക്ക് പരിക്ക്



ആലപ്പുഴ: കായംകുളം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞു നാലു പേര്‍ മരിച്ചു. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശികളായ തണ്ടാശേരില്‍ സുദേവന്‍, പറത്തറയില്‍ സുനില്‍ ദത്ത്, താണുവേലില്‍ ശ്രീകുമാര്‍, നെടിയതില്‍ തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ കായംകുളം ഹാര്‍ബറിന് സമീപം തീരക്കടല്‍ വച്ചായിരുന്നു അപകടം.

നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശിയുടെ 'ഓംകാരം' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വള്ളം കരയിലേക്ക് വലിച്ച്‌ അടിപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം അപകട കാരണം അന്വേഷിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും സഹായം നൽകുമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K