28 August, 2021 07:57:06 PM


കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസനിൽ കേരളത്തിൽ നിന്നുള്ള 14 പേർ



ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഗ്രാം ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ച തീവ്രവാദികളിൽ ഉൾപ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേർ കൊല്ലപ്പെട്ടിരുന്നു.

ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ സ്ഥിതിഗതികൾ രൂക്ഷമാണ്. പാക്കിസ്ഥാൻ, ഹഖാനി ശൃംഖലയുടെ പിന്തുണയോടെ, മറ്റ് രാജ്യങ്ങളിൽ നിന്ന് നിയമസാധുത ലഭിക്കുന്നതിന് മുൻ സർക്കാരിലെ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 12 അംഗ സമിതി രൂപീകരിക്കാൻ താലിബാന് മേൽ സമ്മർദ്ദം ശക്തമാണ്. അതേസമയം, താലിബാൻ വിഷയത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും അവിടെ നിന്ന് പൂർണ്ണമായി പിൻവാങ്ങാൻ കാത്തിരിക്കുകയാണ്. യു എസ് സൈനികരും പൌരൻമാരും പൂർണമായി പിൻവാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനിൽ സൈനിക നടപടി ഉണ്ടാകുമെന്നാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K