14 August, 2021 07:32:32 PM


കയര്‍ പൊട്ടിച്ച് വിരണ്ടോടി പോത്ത്; കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ഉടമസ്ഥര്‍



കാസര്‍ഗോഡ്: കയര്‍ പൊട്ടിച്ച് വിരണ്ടോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്തിനെ കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി ഉടമസ്ഥര്‍. കാസര്‍ഗോഡ് മുള്ളേരിയ പണിയയിലാണ് സംഭവം നടന്നത്. കയര്‍ പൊട്ടിച്ച് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമം പാളിയതോടെയാണ് വണ്ടി ഇടിപ്പിച്ച് വീഴ്ത്തിയത്. കഴിഞ്ഞ പെരുന്നാളിന് വില്‍ക്കാന്‍ കൊണ്ടുവന്ന പോത്തായിരുന്നു വിരണ്ടോടിയത്.

വില്‍പന നടക്കാത്തതിനെ തുടര്‍ന്ന് പോത്തിനെ പറമ്പില്‍ കെട്ടുകയായിരുന്നു. എന്നാല്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് പോത്ത് വിരണ്ടോടുകയായിരുന്നു. അതേസമയം വിരണ്ടോടിയ പോത്തിനെ ആഴ്ചകളായി അന്വേഷിക്കുകയായിരുന്നു ഉടമസ്ഥര്‍. വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തി വീഴ്ത്തിയിരുന്നു. നാട്ടുകാര്‍ പോത്തിനെ പിടിച്ചു കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പ്രഭാകര പൂജാരി, താരാനാഥ റാവു എന്നിവര്‍ക്കാണ് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. നാരാമ്പാടി ടൗണിലെത്തിയ പോത്തിനെ ശനിയാഴ്ച വൈകുന്നേരത്തോടെ കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. ഉടമസ്ഥര്‍ എത്തിയതോടെ നാട്ടുകാര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു. ഒടുവില്‍ സംഭവ സ്ഥലത്ത് പൊലീസ് എത്തി ചര്‍ച്ച നടത്തിയാണ് പോത്തിനെ കൊണ്ട് പോകാന്‍ ഉടമസ്ഥരെ അനുവദിച്ചത്.

കാട്ടുപോത്താണ് വിരണ്ടോടുന്നതെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പും സ്ഥലത്തെത്തിയിരുന്നു. പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോത്തിന്റെ ഉടമസ്ഥരോട് ഞായറാഴ്ച സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


Share this News Now:
  • Google+
Like(s): 5.5K