13 August, 2021 05:35:51 PM


ഖത്തറിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ സ്കൂൾ വിദ്യാർഥി മരിച്ചു



കോഴിക്കോട്: ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ്​ പ്രസിഡൻറുമായ കോഴിക്കോട്​ മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്. ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്​ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയി​ലേക്ക്​ യാത്രചെയ്യവെ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.


അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക്​ തെറിച്ച മിസ്​ഹബിന്​ ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ്​ മരണകാരണമായത്​. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക്​ സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു. ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിസ്​ഹബ്​. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്​. വെള്ളിയാഴ്​ച വൈകി​ട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K