12 August, 2021 06:40:10 PM


അത്തം നാളില്‍ "പച്ചക്കറി"ക്കളം തീര്‍ത്ത് സാലി; പ്രചോദനമായത് സഹപാഠികളുടെ വാട്സ്ആപ്പ് കൂട്ടായ്മ



കോട്ടയം: അത്തം നാളില്‍ പച്ചക്കറികള്‍ കൊണ്ട് തീര്‍ത്ത പൂക്കളവുമായി ഓണത്തെ വരവേറ്റ് കുമാരനല്ലൂരിലെ പച്ചക്കറിവ്യാപാരി സാലി. നട്ടാശ്ശേരി എസ്എച്ച് മൗണ്ട് സ്കൂളില്‍ 1984ല്‍ എസ്എസ്എല്‍സിയ്ക്ക് പഠിച്ചവരുടെ വാട്സ് ആപ്പ് കൂട്ടായ്മയാണ് ഓണത്തിന് പച്ചക്കറിക്കളം ഒരുക്കാന്‍ സാലിക്ക് പ്രചോദനമായത്. ഗ്രൂപ്പിലെ അംഗങ്ങള്‍ തങ്ങളുടെ സ്കൂള്‍ ജീവിതത്തിനിടയിലെ ഓണാനുഭവങ്ങള്‍ ഇന്ന് രാവിലെ ഓണ്‍ലൈനില്‍ പങ്കുവെക്കുന്നതിനിടെയാണ് തന്‍റെ കടയില്‍ ഒരുക്കിയ പച്ചക്കറിക്കളവുമായി സാലി രംഗത്തെത്തിയത്.


സ്കൂളില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരോടൊത്ത് പൂക്കള്‍ പറിക്കാന്‍ പോയതുള്‍പ്പെടെയുള്ള ഓണാനുഭവങ്ങള്‍ സാലി ഇതോടൊപ്പം പങ്കുവെച്ചു. ഇപ്പോള്‍ പൂക്കള്‍ കാശുകൊടുത്തുവാങ്ങിയാലേ പൂക്കളം തീര്‍ക്കാന്‍ കഴിയു എന്ന സ്ഥിതി സംജാതമായതോടെയാണ് പ്രതീകാത്മകമായി പച്ചക്കറികള്‍ കൊണ്ട് കളമൊരുക്കി കര്‍ക്കടകത്തില്‍ എത്തിയ ഓണത്തെ വരവേല്‍ക്കാന്‍ സാലി തീരുമാനിച്ചത്. പത്തുദിവസം നീളുന്ന ഓണത്തിന്‍റെ ആദ്യ അഞ്ചുദിവസവും ഇക്കുറി കര്‍ക്കടകത്തിലാണ്. ആറാം ദിനമായ തൃക്കേട്ട നാളിലാണ് ചിങ്ങം ഒന്ന് പിറക്കുക. 


കുമാരനല്ലൂര്‍ പാറയില്‍ പരീതുകുഞ്ഞിന്‍റെ മകന്‍ പി.പി.സാലി കഴിഞ്ഞ 17 വര്‍ഷമായി പച്ചക്കറി കച്ചവടം നടത്തിവരുന്നു. 35 വര്‍ഷം മുമ്പ് പൈനാപ്പിള്‍, നാളികേര വ്യാപാരവുമായാണ് കച്ചവടത്തിലേക്ക് തിരിയുന്നത്. ഈ ഓണം വളരെ വിലപ്പെട്ടതാണ് തനിക്കെന്ന് സാലി പറയുന്നു. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ നിന്ന് പലവഴിക്ക് പിരിഞ്ഞുപോയ സുഹൃത്തുക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തിനിടയില്‍ ആഘോഷിക്കുന്ന ഓണത്തിന് ഇരട്ടിമധുരമാണ്. പക്ഷെ കോവിഡ് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്നും സാലി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K