12 August, 2021 04:15:46 PM


കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയില്‍



കടുത്തുരുത്തി: കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയില്‍. കെ. എ അനിൽ കുമാറിനെയാണ് ഇന്ന് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. ഗാര്‍ഹികപീഡനകേസിലെ പ്രതിക്ക് ജാമ്യം നല്‍കാമെന്ന വ്യാജേന 25000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 


കടുത്തുരുത്തി പോലീസ് സ്റ്റേഷനുമുന്നില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വളരെ നാടകീയമായാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിനു വേണ്ടി സ്റ്റേഷനു മുന്നില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോള്‍ ആയിരുന്നു വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് സ്വദേശി വിനോയിയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കൈക്കൂലിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടിയത്. 


സംഭവത്തില്‍ പോലീസും വകുപ്പുതല അന്വേഷണത്തിന് നടപടി തുടങ്ങി. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നത് ഇങ്ങനെ. പാലക്കാട് സ്വദേശിയായ വിനോയ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാളുടെ മാതാപിതാക്കളും ഈ ഗാര്‍ഹിക പീഡന കേസില്‍ പ്രതികളായിരുന്നു. മാതാപിതാക്കളെ രക്ഷപ്പെടുത്താന്‍ വിനോയ് നടത്തിയ നീക്കമാണ് ഒടുവില്‍ കൈക്കൂലി കേസിലെ ഗ്രേഡ് എസ്‌ഐയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 


മാതാപിതാക്കള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി അനില്‍കുമാര്‍ വന്‍ തുക ആവശ്യപ്പെട്ടുവെന്നാണ് വിനോയ് നല്‍കിയിരിക്കുന്ന പരാതി. ആദ്യം അനില്‍കുമാര്‍ മാതാപിതാക്കള്‍ക്ക് മാത്രം ജാമ്യം ലഭിക്കുന്നതിന് ഇരുപതിനായിരം രൂപ വേണം എന്ന് ആവശ്യപ്പെട്ടു. ഇരുപതിനായിരം അനില്‍കുമാറിന് നേരിട്ട് എത്തിച്ചു നല്‍കി. ഇതിലും തൃപ്തിവരാത്ത അനില്‍കുമാര്‍ 5000 രൂപ കൂടി ആവശ്യപ്പെട്ടതായി വിനോയ് പറയുന്നു. ഇന്ന് നേരിട്ടെത്തി 5000 രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ടു. വിനോയ് ഇതിന് തയ്യാറായിരുന്നു. എന്നാല്‍ അതിനു പിന്നാലെ നാളെ 15,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതേതുടര്‍ന്നാണ് വിജിലന്‍സിന് പരാതി നല്‍കാന്‍ വിനോയ് തീരുമാനിച്ചത്.


അനില്‍കുമാറിന്‍റെ ആവശ്യം ഉള്‍പ്പെട്ട പരാതി വിനോയ് കോട്ടയം വിജിലന്‍സിന് കൈമാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോട്ടയം വിജിലന്‍സ് ആണ് ഇന്നത്തെ നാടകീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അനില്‍കുമാറിന് നല്‍കാനുള്ള കൈക്കൂലി തുകയായ 5000 രൂപ വിജിലന്‍സ് വിനോയിയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് വിനോയ് അനില്‍കുമാറിനെ ബന്ധപ്പെട്ടപ്പോള്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷന് മുന്നില്‍ എത്തി പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ കാറിലെത്തിയ വിനോയ് തുടര്‍ന്ന് അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചു. കാറില്‍ ഇരിക്കുകയായിരുന്ന വിനോയുടെ അടുത്തെത്തി അനില്‍കുമാര്‍ 5000 രൂപ ഏറ്റുവാങ്ങി. 


തൊട്ടടുത്ത വാഹനത്തില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം അനില്‍കുമാറിനെ വളയുകയായിരുന്നു. നേരത്തെ വിജിലന്‍സ് നല്‍കിയ തുക പിടിച്ചെടുത്തതോടെ തൊണ്ടിമുതലും ആയി. അനില്‍കുമാര്‍ അറസ്റ്റിലാകുന്ന സമയത്ത് മദ്യലഹരിയിലായിരുന്നു എന്ന് വിജിലന്‍സ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നിരവധി തവണ കൈക്കൂലി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നതായി വിജിലന്‍സ് സംഘം പറഞ്ഞു. ജാമ്യത്തിന്‍റെ പേരില്‍ പോലീസ് തന്നെ പണം കൈക്കൂലിയായി ചോദിച്ചതാണ് ഞെട്ടിക്കുന്നത്. പോലീസില്‍ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K