08 August, 2021 05:08:37 PM


പദ്ധതികളുടെ നിര്‍വഹണത്തില്‍ കാലതാമസം പൂര്‍ണമായും ഒഴിവാക്കും - മന്ത്രി മുഹമ്മദ് റിയാസ്

എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കും



കോട്ടയം: പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കാലതാമസം പൂര്‍ണമായും ഒഴിവാക്കുമെന്ന് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോട്ടയം ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ നയത്തിനുസരിച്ചുള്ള ഇടപെടലാണ് ഉദ്യോഗസ്ഥര്‍ നടത്തേണ്ടത്. യോഗത്തില്‍ എം.എല്‍.എമാര്‍ ശ്രദ്ധയില്‍ പെടുത്തിയ വിവിധ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ അടിയന്തരമായി വകുപ്പില്‍ അറിയിക്കണം. എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. 
വര്‍ഷത്തില്‍ മൂന്നു തവണ ജില്ലയിലെ എം.എല്‍.എമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.


ഫയലുകളില്‍  തുടര്‍ നടപടികള്‍ അകാരണമായി വൈകാന്‍ പാടില്ല.  ഭരണാനുമതി കിട്ടിയ പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തിലാക്കാന്‍ ജാഗ്രത പുലര്‍ത്തണം. സാങ്കേതികാനുമതി വൈകുന്ന സാഹചര്യമുണ്ടായാല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും ചീഫ് എന്‍ജിനിയര്‍മാരും ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം. കിഫ്ബി പ്രവൃത്തികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.


കരാറുകാരുടെ അലംഭാവം മൂലം പദ്ധതികള്‍ അനിശ്ചിതത്വത്തിലാകുന്ന സ്ഥിതി ഉണ്ടാകരുത്. കരാര്‍ ജോലികളില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും വീഴ്ച്ച വരുത്തുന്നവരുടെയും പട്ടിക കൃത്യമായി വകുപ്പില്‍ ലഭ്യമാക്കണം. നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. റോഡുകളിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം കര്‍ശനമായി നടപ്പാക്കണം-മന്ത്രി നിര്‍ദേശിച്ചു. 


സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കള്‍, അഡ്വ. ജോബ് മൈക്കിള്‍, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K