06 August, 2021 07:00:52 PM


അശ്ലീല ചിത്രനിർമ്മാണവും മയക്കുമരുന്നും; നടിയും സിനിമാ നിർമാതാവും അറസ്റ്റിൽ



ധാക്ക: മയക്കുമരുന്ന് കൈവശം വെച്ചതിലും പോണോഗ്രഫിയിലും ബന്ധം ആരോപിച്ച് ബംഗ്ലാദേശി നടി പോരി മോനി എന്ന ഷംസുന്നഹർ സ്‌മൃതി, നിർമാതാവ് രാജ് മൾട്ടിമീഡിയയുടെ ഉടമ നസ്‌റുൽ ഇസ്ലാം രാജ് എന്നിവർക്കെതിരെ രണ്ട് വ്യത്യസ്ത കേസുകൾ പൊലീസ് ഫയൽ ചെയ്തു. ധാളിവുഡ് അഭിനേതാവായ പോരി മോനിയുടെ ധാക്കയിലെ വീട്ടിൽ ബുധനാഴ്ച ആർ എ ബി സംഘം പരിശോധന നടത്തിയിരുന്നു. വിദേശമദ്യം, മയക്കുമരുന്നായ ലൈസർജിക് ആസിഡ് ഡൈഈതൈൽഅമൈഡ് (എൽ എസ് ഡി) എന്നിവ പരിശോധനയ്‌ക്കൊടുവിൽ ആർ എ ബി സംഘം അവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. അശ്ലീല ചിത്രങ്ങൾ, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

നടി പോരി മോനിയുടെ അറസ്റ്റിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ അവരുടെ സുഹൃത്തായ നസ്‌റുൽ ഇസ്ലാം രാജിനെ രാത്രി 8.30-ന് അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ആർ എ ബി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. പോരി മോനിയുടെ ആദ്യ ചലച്ചിത്രം 'ബലോഭാഷ സീമഹീൻ' നിർമിച്ചത് രാജിന്റെ ഉടമസ്ഥതയിലുള്ള രാജ് മൾട്ടിമീഡിയ ആയിരുന്നു. മയക്കുമരുന്ന് ഉൾപ്പെടെയുള്ള അനധികൃത വസ്തുക്കൾ രാജിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതായി ആർ എ ബിയുടെ ലീഗൽ, മീഡിയ വിങിന്റെ ഡയറക്റ്റർ കമാൻഡർ അൽ മോയിൻ അറിയിച്ചു.

മയക്കുമരുന്ന് സംബന്ധിച്ച ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കോടതി പോരി മോനിയെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇറക്കുമതി ചെയ്ത വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചതായി അവർക്കെതിരെ ആരോപണമുണ്ട്. വൈൻ, വോഡ്ക എന്നിവ ഉൾപ്പെടെയുള്ള നിരവധി വിദേശ മദ്യങ്ങൾ പോരി മോനിയുടെ വീട്ടിൽ നിന്ന് ആർ എ ബി സംഘം പിടിച്ചെടുത്തതായാണ് അറിവ്. മാരകമായ മയക്കുമരുന്നുകളായ ഐസ്, എൽ എസ് ഡി തുടങ്ങിയവയും അവ ഉപയോഗിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും അവരുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം തന്നെ ആർ എ ബി (റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ) സംഘം നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുകയും മദ്യവും മറ്റ് അനധികൃത മയക്കുമരുന്നുകൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന, 10-12 പേർ ഉൾപ്പെട്ട സംഘത്തിന്റെ ഭാഗമായിരുന്നു പോരി മോനിയും രാജുമെന്ന് ആർ എ ബിയുടെ ലീഗൽ, മീഡിയ വിങ് ഡയറക്റ്റർ കമാൻഡർ ഖണ്ഡാകർ അൽ മൊയിൻ അറിയിച്ചു. വീട്ടിൽ മിനി ബാർ നടത്തുന്നത് നിയമവിരുദ്ധമാണെന്നും എന്നാൽ 2016 മുതൽ അമിത മദ്യപാനത്തിന് അടിമയായ പോരി മോനിയുടെ വീട്ടിൽ സമാനമായ മിനി ബാർ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. നസ്‌റുൽ ഇസ്ലാം രാജിന്റെ കൈയിൽ നിന്ന് അപകീർത്തികരമായ പല ഉള്ളടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ മറ്റുള്ളവരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്നതായും ആർ എ ബി അറിയിക്കുന്നു.

മയക്കുമരുന്ന് സംബന്ധിച്ച കേസുകൾ ബോളിവുഡിലും ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്. സെലിബ്രിറ്റികൾ ഉൾപ്പെടുന്ന നിരവധി കേസുകൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷിച്ചു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K