02 August, 2021 08:22:01 PM


ഡിജിറ്റൽ പേമെന്‍റ് സംവിധാനം ഇ-റുപി പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി



ന്യൂഡൽഹി: ഡിജിറ്റൽ പേമെന്‍റ് സംവിധാനം ഇ-റുപിയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യ എങ്ങനെ മുന്നോട്ട് പോവുകയും ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണ് ഇ-റുപിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.


രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിൽ ഇത് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളും ഡിബിടിയും ഉയർത്തുന്നതിൽ ഇ-റൂപ്പി വൗച്ചർ ഒരു പങ്ക് വഹിക്കും. ഇത് ലക്ഷ്യമിട്ടത് സുതാര്യവും ചോർച്ചയില്ലാത്തതുമായ പണരഹിത ഇടപാട് വഴി എല്ലാവരെയും സഹായിക്കുകയെന്നതാണ്," മോദി കൂട്ടിച്ചേർത്തു.


ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റൂപി. പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തിൽ ആവിഷ്ക്കരിച്ച കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്ന ഇലക്ട്രോണിക് വൗച്ചറുകളുടെ ആശയമാണ് ഇ-റൂപ്പി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രി മോദി എപ്പോഴും ഡിജിറ്റൽ സംരംഭങ്ങൾക്ക് മുൻകൈയെടുക്കുന്നുവെന്ന് അടിവരയിട്ട് പറയുന്നു.


സർക്കാരിനും ഗുണഭോക്താവിനുമിടയിൽ പരിമിതമായ ടച്ച് പോയിന്റുകൾ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചറാണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിൽ ലഭ്യമാക്കുന്നു. തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനമായ ഇ-റൂപി ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെതന്നെ സേവന ദാതാവിൽ വൗച്ചർ റിഡീം ചെയ്യാൻ കഴിയും.


ആളുകൾക്ക് സർക്കാർ സഹായം എത്തിക്കുന്നതിൽ ഒരു പ്രധാന തടസ്സമായി നിലനിൽക്കുന്നത് ഇടനിലക്കാരുടെ പങ്കാണ്. കാരണം ഇത്തരക്കാർ പലപ്പോഴും ഗുണഭോക്താക്കളെ കൊള്ളയടിക്കാറാണുള്ളത്. ക്ഷേമപദ്ധതികളിലെ ഇത്തരം കൊള്ളകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സർക്കാരിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി). ഇത് ഫണ്ടുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്താൻ സഹായിക്കും.


ആധുനിക സാങ്കേതികവിദ്യയും ഐടിയും ഉപയോഗപ്പെടുത്തിയാണ് ഡിബിടി സേവനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ന് (ഓഗസ്റ്റ് 2) രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് കൂടുതൽ ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ-റുപ്പി പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ഇത് ആനുകൂല്യങ്ങളുടെ വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെ മറ്റൊരു സംരംഭമാണ്. ഇ-റുപ്പിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..


എന്താണ് ഇ-റുപ്പി?


 നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ധനകാര്യ സേവന വകുപ്പ് (DFS), കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി (NHA) എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത e-RUPI ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ്. NPCI തയ്യാറാക്കിയിരിക്കുന്ന ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (UPI) പ്ലാറ്റ്ഫോമിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ ഉപയോക്താക്കൾക്ക് തടസ്സരഹിതമായ ബാങ്ക് ഇടപാടുകളും പേയ്മെന്റുകളും അനുവദിക്കുന്നു.

ഇ-റുപ്പി പ്രവർത്തിക്കുന്നത് എങ്ങനെ?

ഇ-റുപ്പി മൊബൈൽ ഫോണുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് തടസ്സരഹിതമായ ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനമാണ്. ഒരു ഗുണഭോക്താവിന് തന്റെ മൊബൈൽ ഫോണിൽ ഒരു QR കോഡ് അല്ലെങ്കിൽ SMS അധിഷ്‌ഠിത ഇ-വൗച്ചർ ലഭിക്കും. അത് സേവന ദാതാവിൽ നിന്നാണ് ലഭിക്കുക. ഉദാഹരണത്തിന് ഒരു ആശുപത്രി അല്ലെങ്കിൽ ആരോഗ്യ കേന്ദ്രത്തിൽ നിന്ന്. കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഇത്തരം പണമിടപാടിന് ആവശ്യമില്ല. ഇത് ഗുണഭോക്താക്കളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

ഇത്തരത്തിൽ ഇടപാട് നടത്താൻ ഒരു മൊബൈൽ ഫോണും ഇ-വൗച്ചറും മാത്രം മതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് മുതലായവ ഇ-റുപ്പി സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ ഉൾപ്പെടുന്നു.

പ്രയോജനം ലഭിക്കുന്നത് ആർക്ക്?

"അമ്മ-ശിശു ക്ഷേമ പദ്ധതികൾക്കും ടിബി നിർമാർജന പരിപാടികൾക്കും കീഴിൽ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന സേവനങ്ങൾക്ക്" ഇ-റുപ്പി സംവിധാനം ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. താഴ്ന്ന വരുമാനക്കാർക്കുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം മരുന്നുകളും രോഗനിർണ്ണയവും മറ്റും നടത്താൻ ഇ-റുപ്പി സേവനം ഉപയോഗപ്പെടുത്താം.

സ്വകാര്യമേഖലയ്ക്ക് പോലും "ഈ ഡിജിറ്റൽ വൗച്ചറുകൾ അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമുകളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും" പിഎംഒ അറിയിച്ചു. ഇ-റുപ്പി ഉപയോഗിക്കുമ്പോഴുള്ള മറ്റൊരു പ്രയോജനം ഇഷ്യു ചെയ്യുന്നയാൾക്ക് ഇടപാട് ട്രാക്കുചെയ്യാനാകുമെന്നതാണ്.

ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപഭോക്താക്കാൾ

e-RUPI സേവനത്തിൽ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമില്ല. ഗുണഭോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ മാത്രമാണ് ആവശ്യം. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഇന്ത്യൻ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർക്കും മൊബൈൽ ഫോൺ ഉണ്ട്. 2023 ഓടെ ഓരോ മൂന്ന് ഉപയോക്താക്കളിൽ രണ്ടുപേർക്കും ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കുമെന്നും രണ്ട് ഉപയോക്താക്കളിൽ ഒരാൾക്ക് ഒരു സ്മാർട്ട്ഫോൺ ഉണ്ടായിരിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K