02 August, 2021 06:03:14 PM


കോവിഡ് രോഗികളുടെ കണ്ണീരിലുടെയും കൊറോണ വൈറസ് പകരുമെന്ന് പുതിയ പഠനം



അമൃത്സര്‍: കണ്ണ് നീരിൽ നോവൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ രോഗികളുടെ കണ്ണീരിലൂടെ കോവിഡ് -19 അണുബാധ പകരാൻ ഇടയുണ്ടെന്ന് പുതിയ പഠനം. എന്നാൽ കൊറോണ വൈറസ് അണുബാധയുടെ പ്രാഥമിക ഉറവിടം ശ്വസോച്ഛാസ സ്രവങ്ങളാണെന്നും പഠനം ഓർമ്മിപ്പിക്കുന്നു.


അമൃത്സറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്, 'ഓക്യുലർ എക്സ്പ്രഷൻ' ഉള്ളതും അല്ലാത്തതുമായ പോസിറ്റീവ് രോഗികളുടെ കണ്ണീരിൽ കൊറോണ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രമുഖ ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ രോഗിയുടെ കണ്ണീരിൽനിന്ന് രോഗം മറ്റൊരാളിലേക്ക് പകരാമെന്ന് വ്യക്തമാക്കുന്നു.


120 കോവിഡ് പോസിറ്റീവ് രോഗികളിൽ 60 പേർക്ക് നേത്രരോഗം ഉണ്ടായിരുന്നു, 60 പേർക്ക് രോഗം ഇല്ല. 41 രോഗികളിൽ കൺജങ്ക്റ്റിവൽ ഹൈപ്രീമിയ, 38 ൽ ഫോളികുലാർ റെസ്പോൺസ്, 35 ൽ കീമോസിസ്, 20 രോഗികളിൽ മ്യൂക്കോയ്ഡ് ഡിസ്ചാർജ്, ചൊറിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടെത്തി. കണ്ണീരിൽ കൊറോണ വൈറസ് സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് ഈ രോഗാവസ്ഥകളുണ്ടായതെന്നും പഠനസംഘം പറയുന്നു.


പഠനവിധേയരാക്കിയ രണ്ടാമത്തെ സംഘത്തിൽ 52% രോഗികൾക്ക് മിതമായ രോഗവും 48% ൽ അധികം പേർക്ക് ഗുരുതരമായ രോഗങ്ങളും ഉണ്ടായിരുന്നു. "കണ്ണീരിന്റെ ആർടി-പിസിആർ വിലയിരുത്തലിൽ ഏകദേശം 17.5% രോഗികൾ കോവിഡ് -19 ന് പോസിറ്റീവ് ആയിരുന്നു, അതിൽ 11 രോഗികൾക്ക് (9.16%) ഒക്യുലർ ലക്ഷണങ്ങളുണ്ടായിരുന്നു, 10 (8.33%) പേർക്ക് കണ്ണിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ കോവിഡ് ബാധിച്ചവരുടെ കണ്ണീർ വീണ തുണി, പ്രതലം എന്നിവർ മറ്റുള്ളവർ സ്പർശിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് പഠനസംഘം വ്യക്തമാക്കുന്നത്.


ഈ പഠനം നേത്രരോഗവിദഗ്ദ്ധർക്കും മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗികളെ പരിശോധിക്കുന്നതിനിടെ നേത്രരോഗവിദഗ്ദ്ധർക്ക് കോവിഡ് പിടിപെടാനുള്ള സാഹചര്യമുണ്ടെന്നും, അതുകൊണ്ടുതന്നെ കൂടുതൽ കരുതൽ സ്വീകരിക്കുകയും രോഗികളെ പരിശോധിക്കുമ്പോൾ അവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണമെന്ന് നിർദേശിക്കുന്നു.


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഉൾപ്പെടെയുള്ള നിരവധി പഠനങ്ങൾ, മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് ഡാറ്റയെക്കുറിച്ച് ആഴത്തിൽ നോക്കുമ്പോൾ മൂന്നാമത്തെ തരംഗം ഇതിനകം തന്നെ ഇന്ത്യയെ ബാധിച്ചതായും പഠനസംഘം പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K