24 July, 2021 12:05:38 PM


സോളാറിൽ ഓടുന്ന സൈക്കിള്‍: രൂപകല്‍പ്പന വിദ്യാർത്ഥികളായ സഹോദരൻമാരുടേത്



മധുര: സോളാറിൽ ഓടുന്ന സൈക്കിൾ രൂപകൽപ്പന ചെയ്ത് തമിഴ്നാടിൽ നിന്നുളള യുവ സഹോദരങ്ങൾ. ശിവഗംഗൈ കോളേജ് റോഡ് മേഖലയിൽ നിന്നുള്ള 12കാരൻ വീരഗുരുഹാരികൃഷ്ണനും സഹോദരൻ 11 വയസുളള സമ്പത്ത്കൃഷ്ണനും ചേർന്നാണ് സൈക്കിൽ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സമാന പ്രായക്കാരായ പലരും മൊബൈൽ ഗെയിമിലും മറ്റും സമയം ചെലവഴിക്കുമ്പോഴാണ് ഇരുവരും വ്യത്യസ്ഥരാകുന്നത്.


വീരപാതിരൻ, അമ്മാമി ദമ്പതികളുടെ മക്കളാണ് ഇരുവരും. ചേട്ടൻ വീരഗുരുഹാരികൃഷ്ണൻ തിരുപ്പുവനം സ്വകാര്യ സ്ക്കൂളിൽ എട്ടാം ക്ലാസിലും അനിയൻ സമ്പത്ത് കൃഷ്ണൻ ശിവഗംഗൈ സ്ക്കൂളിൽ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. 30 കിലോമീറ്റർ വരെ ഇവർ നിർമ്മിച്ച സോളാർ ഘടിപ്പിച്ച സൈക്കിളിൽ യാത്ര ചെയ്യാനാകും. സാധാരണ രീതിയിൽ ചവിട്ടിയും സൈക്കിൾ ഓടിക്കാവുന്നതാണ്. 


കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടഞ്ഞ് കിടന്നതോടെ കഴിഞ്ഞ ഒരു വർഷമായി ഇരുവരും വീടിന് സമീപത്തെ തെരുവുകളിലൂടെ സൈക്കിൾ ഓടിക്കാറുണ്ട്. ഇതിനിടെയിലാണ് സൈക്കിളിൽ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്. ഇന്ധനവില വർദ്ധനയുടെ വാർത്തകൾ ദിവസേന കേട്ടതോടെ ഇതിനെ എങ്ങനെ മറികടക്കാനാകും എന്നും ചിന്തിച്ചു. സോളാർ പവറിൽ ഓടുന്ന സൈക്കിൾ എന്ന ആശയത്തിലേക്ക് ഇരുവരും എത്തിയത് അങ്ങനെയാണ്.


സോളാർ പാനൽ, ബാറ്ററി തുടങ്ങി ഇതിന് ആവശ്യമായവ എല്ലാം സൈക്കിളിൽ ഘടിപ്പിക്കുന്നതിൽ ഇരുവരും വിജയിച്ചു. ഓൺലൈനായും, കടകളിൽ നേരിട്ട് എത്തിയുമാണ് ആവശ്യമായ സാധനങ്ങൾ കണ്ടെത്തിയത്. "ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോൾ കണ്ട യൂട്യൂബ് വീഡിയോകളാണ് കൈവശമുള്ള വസ്തുക്കളിൽ മറ്റങ്ങൾ വരുത്തി പുതിയ ഒന്നായി മാറ്റി എടുക്കാനുള്ള പ്രചോദനമായത്. എല്ലാ തരത്തിലുള്ള സൈക്കിളുകളും ഈ രീതിയിൽ മാറ്റി എടുക്കാവുന്നതാണ്. സൈക്കിൾ ഉൾപ്പടെ 10,000 രൂപ ഇതിന് ചെലവ് വരും.


സൂര്യ പ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കും. നിലവിലെ ഡിസൈൻ അനുസരിച്ച് സ്വിച്ച് ഓൺ ചെയ്താൽ മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയാണ് ലഭിക്കുക. വേഗത കൂട്ടുന്നതിനും കുറക്കുന്നതിനും അനുയോജ്യമായ ഒരു ഉപകരണം ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 150 കിലോ ഭാരം വരെ വഹിക്കാൻ ഈ സൈക്കിളിന് സാധിക്കും. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും സൈക്കിളിലുണ്ട്," വീരഗുരുഹാരികൃഷ്ണൻ പറയുന്നു.


കോവിഡ് ലോക്ക്ഡൗണിൽ ലഭിച്ച സമയം വളരെ ക്രിയാത്മകമായി മാറ്റിയിരിക്കുകയാണ് രണ്ട് പേരും. സുഹൃത്തുക്കൾ മൊബൈൽ ഗെയിമിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്നായിരുന്നു ഇവരുടെ മനസിൽ. പരിസ്ഥിതി സൗഹാർദപരമായ ഇത്തരം ആശയങ്ങൾ പുതിയ കാലത്തെ തന്നെ ആവശ്യമാണെന്നും ഇരുവരും മനസിലാക്കുന്നു. മക്കൾക്ക് രണ്ട് പേർക്കും പൂർണ്ണ പിന്തുണയുമായി പിതാവ് വീരപാതിരനും അമ്മ അമ്മാമിയും ഒപ്പമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K