15 July, 2021 01:57:20 PM


കൊല്ലം കുണ്ടറയില്‍ കിണര്‍ കുഴിക്കാനിറങ്ങിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു



കൊല്ലം: കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ട നാല് തൊഴിലാളികൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന്​ 11.30 ഓടെയാണ്​​ ദാരുണമായ അപകടം നടന്നത്. കുണ്ടറ സ്വദേശികളായ രാജൻ (35), സോമരാജൻ ( 54),  ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്.


അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്​സ്​ ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. തിരുവനന്തപുരം സ്വദേശി പുതിയ വീട് നിർമിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണർ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട്​ തൊഴിലാളികളാണ്​ ഇറങ്ങിയത്​. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടർന്ന്​ രക്ഷിക്കാനായി ഇറങ്ങിയതാണ്​ മറ്റു തൊഴിലാളികൾ.


കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്​ സ്ഥലത്തെത്തിയ ഫയർഫോഴ്​സ്​​ തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല​. പുറത്തെത്തിക്കു​മ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്​ഥയിലായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കിണറിലിറങ്ങിയ ഫയർഫോഴ്​സ്​ ഉദ്യേഗസ്ഥൻ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K