22 June, 2021 08:49:34 PM


യുവതി തീകൊളുത്തി മരിച്ച നിലയിൽ; ഭര്‍ത്താവ് തലേദിവസം വീട്ടിലെത്തിയത് ഡീസലുമായി



തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ രംഗത്തെത്തി.


ഇന്നലെയാണ് അർച്ചനയെ കുടുംബവീട്ടിൽനിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു അർച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.


''അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൻ ഇടയ്ക്കിടെ വീട്ടിൽനിന്ന് പിണങ്ങി പോകാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് വരാറുള്ളത്. അവന്റെ വീട്ടിൽ പോയി അന്വേഷിച്ചാലും അവരും ഒന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി വെയ്ക്കും. പലയിടത്തും അന്വേഷിച്ചാണ് അവനെ കണ്ടെത്താറുള്ളത്. പിന്നീട് തിരിച്ചെത്തിയാൽ ഇരുവരും വീണ്ടും സഹകരിച്ച് ജീവിക്കും. മരിക്കുന്നതിന്‍റെ തലേദിവസം അർച്ചനയും സുരേഷും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവന്റെ കൈയിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലും ഉണ്ടായിരുന്നു. എന്തിനാണ് ഡീസലെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പിന്റെ ശല്യമുണ്ടെന്നും അതിനാണെന്നും മറുപടി പറഞ്ഞു. ഉപ്പോ മഞ്ഞൾപൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അതൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നായിരുന്നു മറുപടി.  രാത്രി എട്ടരയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചത്.''- അർച്ചനയുടെ പിതാവ് അശോകൻ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K