19 June, 2021 04:59:10 PM


ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം മാതൃകാ പദ്ധതി- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്



കോട്ടയം: കോവിഡ് സാഹചര്യത്തില്‍  മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ഒറ്റയ്ക്കല്ല കൂടെയുണ്ട് കോട്ടയം മാതൃകാ പദ്ധതിയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


കോവിഡുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കം നേരിടുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്.  പിന്തുണയുമായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം അവര്‍ക്കു നല്‍കുന്നത് വലിയ കാര്യമാണ്. പ്രാദേശിക തലത്തില്‍ ഓരോ വീടുകളിലുമെത്തുന്ന രീതിയിലുള്ള ഈ പിന്തുണാ സംവിധാനം അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതി എല്ലാ സ്ഥലങ്ങളിലും ഏറ്റെടുക്കപ്പെടും.


കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കോട്ടയം ജില്ലയ്ക്ക് സാധിച്ചു. ഊര്‍ജ്ജിതമായ  പ്രയത്‌നത്തിന്റെ ഫലമായാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തെ നാം പൂര്‍ണമായും അതിജീവിച്ചിട്ടില്ല.  പോസിറ്റിവിറ്റി പൂജ്യത്തില്‍ എത്തിക്കുന്നതിനായി പരിശ്രമിക്കണം. സ്വന്തം പരിസരത്ത് രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുംവിധത്തില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി നിര്‍ദേശിച്ചു.


ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം എന്ന പദ്ധതിയില്‍ പങ്കാളികളാകുന്ന സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ രോഗം ബാധിച്ച പലര്‍ക്കും സാമൂഹികമായ ഒറ്റപ്പെടലും കടുത്ത മാനസിക സമ്മര്‍ദ്ദവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  രോഗം ബാധിക്കുന്നയാളെ കുറ്റവാളിയെപ്പോലെ കാണുന്ന സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.


തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ എം. അഞ്ജന ആമുഖ പ്രഭാഷണവും കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ മുഖ്യ പ്രഭാഷണവും നടത്തി. 


കോവിഡ് മരണങ്ങള്‍, രോഗബാധ, ആശുപത്രിവാസം, സമ്പര്‍ക്ക വിലക്ക്, ലോക് ഡൗണ്‍ തുടങ്ങിയവയെല്ലാം നിരവധി പേര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുള്ള സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.


എ.ഡി.എം. ആശ സി. ഏബ്രഹാം, ആരോഗ്യ കേരളം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.എസ്. ഷിനോ,ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി. ആശാമോള്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ ജി. അനീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍,  കേരള  അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ജനറല്‍ സെക്രട്ടറി ഡോ. ഐപ്പ് വര്‍ഗീസ്,അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഓഫ് സോഷ്യല്‍ വര്‍ക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് ആന്റണി, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്.വി. ആന്റോ, ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ടോണി തോമസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍  എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K