09 June, 2021 07:58:49 PM


കെ.എസ്.ആര്‍.ടി.സിയില്‍ 100 കോടിയുടെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് അനുമതി



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.


കഴിഞ്ഞ ജനുവരി 16ന് തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജു സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണമുന്നയിച്ചത്. 2010- 13 കാലഘട്ടത്തിലെ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെ 100 കോടി രൂപ കാണാനില്ലെന്നു മാത്രമല്ല, ഇതു സംബന്ധിച്ച ഫയലുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഇല്ലെന്ന ഗുരുതര ആരോപണവും എം.ഡി ഉന്നയിച്ചു.


തുടര്‍ന്ന് നിലവിലെ എക്സിക്യൂട്ടീവ് ഡയരക്ടറും ആ കാലഘട്ടത്തില്‍ അക്കൗണ്ട്സ് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന കെ.എം ശ്രീകുമാറിനെ നടപടിയുടെ ഭാഗമായി എറണാകുളത്തേക്കു സ്ഥലം മാറ്റി. അദ്ദേഹത്തോട് വിശദീകരണം തേടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് എം.ഡി അറിയിച്ചിരുന്നത്. എന്നാല്‍ വിവാദമുയര്‍ന്ന കാലഘട്ടത്തില്‍ തനിക്ക് അക്കൗണ്ട്സ് ചുമതലയില്ലായിരുന്നെന്നാണ് ശ്രീകുമാര്‍ നല്‍കിയ വിശദീകരണം.


ആരോപണമുയര്‍ന്ന കാലഘട്ടത്തിലെ അക്കൗണ്ട്സ് വിഭാഗം മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യാഗസ്ഥരില്‍നിന്ന് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി വിശദീകരണം തേടിയിരുന്നു. എം.ഡിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എം.ഡി ആരോപണമുന്നയിച്ച്‌ മൂന്നുമാസം പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം പുരോഗമിക്കാത്തതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K