05 June, 2021 08:16:25 PM


നയൻതാരയേയും രശ്മികയേയും ഏറെ പിന്നിലാക്കി സാമന്ത അക്കിനേനി



ചെന്നൈ: ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് 'ഫാമിലി മാൻ 2' ന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്കിടയിൽ സാമന്ത അക്കിനേനിയെ തേടി മറ്റൊരു ബഹുമതി കൂടി. തെന്നിന്ത്യയിലെ ആകർഷണീയായ നടി ആരെന്ന ചോദ്യത്തിന് ഉത്തരം ഇനി സാമന്ത എന്നാണ്. ചെന്നൈ ടൈംസിന്‍റെ 2020 ലെ ഏറ്റവും ആകർഷണീയായ നടിമാരുടെ പട്ടികയിൽ നയൻതാരയേയും രശ്മിക മന്ദാനയേയുമെല്ലാം പിന്നിലാക്കി ഒന്നാമത് എത്തിയിരിക്കുകയാണ് സാമന്ത. 


ഫാമിലി മാനിൽ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിനിടയിലാണ് പുതിയ പട്ടിക പുറത്തു വന്നത്. സാമിന്‍റെ ആദ്യ വെബ് സീരീസാണിത്. ഫാമിലി മാൻ റിലീസാകുന്നതിന് മുമ്പ് #ShameOnYouSamantha എന്ന ഹാഷ്ടാഗാണ് ട്രെൻഡിങ്ങായതെങ്കില്‍ സീരീസ് പുറത്തിറങ്ങിയതോടെ സാമന്തയുടെ അഭിനയ മികവിനെ പുകഴ്ത്താൻ തിരക്കുകൂട്ടുകയാണ് ആരാധകർ. സമാന്തയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച പ്രകടനമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 


സാമന്തയുടെ പിന്നിലായി മലയാളിയായ മാളവിക മോഹനാണ് രണ്ടാമതുള്ളത്. കീർത്തി സുരേഷ്, രശ്മിക മന്ദാന എന്നീ താരങ്ങളും ആദ്യ അഞ്ചിൽ ഇടം നേടി. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര പട്ടികയിൽ ഏഴാമതാണ്. അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരാണ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്തുള്ളത്. കല്യാണി പ്രിയദർശൻ, രാകുൽ പ്രീത് സിങ്, അമല പോൾ എന്നിവരാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റ് നടിമാർ. മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവി പട്ടികയിൽ 24-ാമതാണ്. 


ശാകുന്തളം, കാത്തു വാക്കുള രെണ്ട് കാതൽ എന്നിവയാണ് സാമന്തയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K