20 May, 2021 04:17:08 PM


ചരിത്രത്തിലേക്കൊരു കയ്യൊപ്പ് ; രണ്ടാം പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു


തിരുവനന്തപുരം: കേരളത്തിന്റെ 23-ാം മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനെ തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരും സത്യവാചകം ഏറ്റുചൊല്ലി.


ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 15 പേർ സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ സഗൗരവത്തില്‍ സത്യവാചകം ചൊല്ലിയാണ് അധികാരമേറ്റത്. സിപിഐ മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും ജി ആർ അനിലും ജെ ചിഞ്ചുറാണിയും പി പ്രസാദും സഗൗരവത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തു.



എന്നാൽ സിപിഎം മന്ത്രിയായ വീണ ജോർജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനാധിപത്യ കേരള കോൺഗ്രസിലെ അഡ്വ. ആന്റണി രാജു, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, ഇടതുസ്വതന്ത്രനായി ജയിച്ച വി അബ്ദുറഹിമാൻ തുടങ്ങിയവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്തിൽ നിന്ന് ജയിച്ച ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തത് അള്ളാഹുവിന്റെ നാമത്തിലാണ്.

എല്ലാവരേയും കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന പതിവ് മുഖ്യമന്ത്രിമാരുടെ രീതിയിൽ നിന്ന് വിപരീതമായി ഓരോരുത്തരുടേയും അടുത്ത് കൈകൂപ്പി അഭിവാദ്യമർപ്പിച്ചാണ് മുഖ്യമന്ത്രി വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി കയറിയത്. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണമാണ് കരസ്ഥമാക്കിയത്.


സത്യപ്രതിജ്ഞയ്ക്കായി 500 പേർക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് മാനദണ്ഡം കണക്കിലെടുത്ത് പലരും എത്തിയില്ല. നിയുക്ത മന്ത്രിമാരും കുടുംബാം​ഗങ്ങളും പ്രമുഖ ക്ഷണിതാക്കളുമടക്കം 250 ൽ താഴെ ആളുകൾ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി എത്തിച്ചേർന്നിട്ടുള്ളു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 3.30നാണു ചടങ്ങ് ആരംഭിച്ചത്. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയതാണ് മന്ത്രിസഭ.തുടർന്ന് മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റിൽ നടക്കും.


രാവിലെ ആലപ്പുഴ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. സ്ഥാനമൊഴിയുന്ന മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും അടക്കം സത്യപ്രതിജ്ഞ ചടങ്ങിൽ  ആദ്യം 500 പേരെയാണ് ക്ഷണിച്ചത്. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പാർടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞിരുന്നു.


പ്രതിപക്ഷം ചടങ്ങിൽ പങ്കെടുക്കുന്നില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് എംഎൽഎമാർ നേരിട്ട് പങ്കെടുക്കില്ലെന്നും വെർച്വലായി ചടങ്ങിന്റെ ഭാഗമാകുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K