18 May, 2021 10:15:15 PM


'കുടുംബസ്വത്തിനായി ഗണേഷ് കുമാർ തിരിമറി നടത്തിയിട്ടില്ല' - വിൽപത്രത്തിലെ സാക്ഷി



കൊല്ലം: കുടുംബസ്വത്ത് ലഭിക്കുന്നതിന് രേഖകളിൽ കെ ബി ഗണേശ് കുമാർ കൃത്രിമം കാണിച്ചുവെന്ന സഹോദരിയുടെ ആരോപണം തള്ളി വിൽപത്രത്തിലെ സാക്ഷി. ആർ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെച്ചൊല്ലിയുള്ള പരാതികളുമായി ഗണേശിന്‍റെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സി പി എം നേതൃത്വം ഗണേശനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നാണ് സൂചന. അതേസമയം പരാതിയെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാത്ത ഗണേഷ് കുമാർ, രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്ന് പറഞ്ഞു.


കെ ബി ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷ മോഹൻദാസ് ഉയർത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തിലെ സാക്ഷി പ്രഭാകരൻ നായർ രംഗത്തെത്തിയത്.  ഗണേഷ് കുമാർ തിരുവനന്തപുരത്ത് ആയിരുന്നപ്പോഴാണ് ഒടുവിലത്തെ വിൽപത്രം തയ്യാറാക്കിയത്. രേഖകൾ എഴുതിത്തയ്യാറാക്കിയ ആളും താനും മാത്രമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെന്നും സാക്ഷി വ്യക്തമാക്കുന്നു.

ഇടതു മുന്നണിയുടെ ആദ്യഘട്ട ചർച്ചകളിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ഗണേഷിന്‍റേത്. എന്നാൽ രണ്ടാം ടേമിലേക്ക് ഗണേഷിനെ മാറ്റി നിർത്തിയതിനു പിന്നിൽ വിൽപത്രവും ആയി ബന്ധപ്പെട്ട പരാതി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആർ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേശിന്‍റെ സഹോദരി ഉഷാ മോഹൻദാസ് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയെ കണ്ടത്. രേഖകളിൽ ഗണേശ് കൃത്രിമം കാട്ടി എന്ന പരാതി ഉന്നയിക്കുകയും ചെയ്തു. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണൻറെ മുന്നിലും അവതരിപ്പിച്ചു. 


ഗണേഷ് കുമാറിന്‍റെ പേര് മാത്രം വില്‍പ്പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണമായത്. മെയ് 15നാണ് ഇവര്‍ കോടിയേരിയെ കണ്ടത്. പരാതിക്ക് പിന്നാലെയാണ് തർക്കം പരിഹരിച്ചശേഷം ഗണേഷിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് സി പി എം എത്തിയത് എന്ന് അറിയുന്നു. അതേസമയം കേരളകോൺഗ്രസ് (ബി)യ്ക്ക് മന്ത്രി സ്ഥാനം രണ്ടാം ടേണിലായത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് കെ.ബി.ഗണേഷ് കുമാർ പ്രതികരിച്ചു. മറ്റ് പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇടതു മുന്നണിയിൽ പാർട്ടി പൂർണ തൃപ്തമാണെന്നും ഗണേഷ് കൂട്ടിച്ചേർത്തു.


ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഗണേഷിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. മുൻ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള തർക്കങ്ങളാണ് അന്ന് കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K