17 May, 2021 07:34:53 PM


കടുത്തുരുത്തി വലിയ തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ക്ക് തുടക്കം

 


കടുത്തുരുത്തി: ബൈപ്പാസ് നിർമ്മാണത്തോട് അനുബന്ധിച്ച് കടുത്തുരുത്തി വലിയ തോട്ടിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികൾക്ക് വേണ്ടി സ്ഥാപിച്ചിരുന്ന മുട്ടും, തെങ്ങും കുറ്റികളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തിക്ക് ഇന്ന്  തുടക്കം കുറിച്ചു.

 
ശക്തമായ മഴയെ തുടർന്ന് കൂടുതൽ വെള്ളം ഒഴുകി വന്നാൽ കടുത്തുരുത്തി ടൗണിലും, സമീപ പ്രദേശങ്ങളിലും  വെള്ളപ്പൊക്ക ഭീഷണിയും  കൃഷിനാശവും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് മുൻകരുതൽ എന്ന നിലയിൽ മുട്ട് നീക്കം ചെയ്യുന്നതെന്ന്  അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. വലിയ തോടിന്‍റെ ഇരുവശങ്ങളിലും ഇട്ടിരിക്കുന്ന മൺതിട്ടയും, തെങ്ങിൻ കുറ്റികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ  നീക്കം ചെയ്യും. കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി വലിയ തോട്ടിലെ പ്രധാന തടസ്സങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും. പൊതുമരാമത്ത് വകുപ്പാണ് പണികള്‍ നടത്തുന്നത്.


ഇതോടൊപ്പം വലിയ തോട്ടിലും, ചുള്ളി തോട്ടിലും നീരൊഴുക്ക് തടസപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പാക്കാൻ മേജർ ഇറിഗേഷൻ വിഭാഗവുമായി ചർച്ച ചെയ്ത് തീരുമാനിച്ചതായും മോൻസ് ജോസഫ് അറിയിച്ചു. ഞീഴൂർ തോട്ടിൽ തുരുത്തിപ്പള്ളി മുതൽ കടുത്തുരുത്തി - പാലകര ഭാഗത്ത് പൂവക്കോട് പാലം വരെ വലിയ തോട്ടിലെ ചെളിയും, പള്ളയും, ചവറുകളും നീക്കം ചെയ്ത്  നീരൊഴിക്ക് സുഗമമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.


വലിയ തോടിന്റെ അതിര് നിർണ്ണയിക്കാൻ പല സ്ഥലത്തും കഴിയാത്ത സാഹചര്യം മേജർ ഇറിഗേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  ഇക്കാര്യം വ്യക്തത വരുത്തുന്നതിന് സ്ഥലം സർവ്വേ ചെയ്ത് അതിർത്തി നിർണ്ണയിച്ച് കൊടുക്കുന്നതിന് വൈക്കം തഹസിൽദാരെ യോഗത്തിൽ ചുമതലപ്പെടുത്തിയതായി എം.എൽ.എ വ്യക്തമാക്കി. ഇക്കാര്യം ഉടനെ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 


റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ നടപ്പാക്കിയതിനെ തുടർന്ന് വെളളം ഒഴുകിപ്പോകാതെ രണ്ട് തോടുകളിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് കടുത്തുരുത്തിയിലെ വെളളക്കെട്ടിന്‍റെ മുഖ്യ കാരണമെന്ന് ഇറിഗേഷൻ വകുപ്പിന്‍റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ച് സുരക്ഷിത സാഹചര്യങ്ങൾ കടുത്തുരുത്തി മേഖലയിൽ ഉറപ്പ് വരുത്തുന്നതിന് റെയിൽവേ - ഇറിഗേഷൻ -  പൊതുമരാമത്ത്  വിഭാഗങ്ങളുടെ സംയുക്ത യോഗം സർക്കാർ തലത്തിൽ വിളിച്ച് കൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K